ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന : പാക് പൗരന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

ആസിഫ് മര്‍ച്ചന്‍റെന്ന പാക് പൗരനാണ് ചൊവ്വാഴ്ച അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്
A Pakistani citizen named Asif Merchant was sentenced by an American court on Tuesday.

ആസിഫ് മര്‍ച്ചന്‍റെന്ന പാക് പൗരനാണ് ചൊവ്വാഴ്ച അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്

Updated on: 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പാക്കിസ്ഥാൻ പൗരന് 27 വര്‍ഷത്തിലധികം തടവുശിക്ഷ. ആസിഫ് മര്‍ച്ചന്‍റെന്ന പാക് പൗരനാണ് ചൊവ്വാഴ്ച അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.

ഇറാനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മര്‍ച്ചന്‍റ്, അമേരിക്കയിലെ ഒരു രാഷ്ട്രീയ നേതാവിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചതായി ബ്രൂക്ക്‌ലിന്‍ കോടതി കണ്ടെത്തി. 2020 ജനുവരിയില്‍ ഇറാഖിലെ ബാഗ്ദാദില്‍ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്‍റെ വിദേശ സൈനിക നീക്കങ്ങളുടെ തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. സംഭവത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭരണകൂടം പലതവണ പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിലുള്ള കുടുംബത്തെ റെവല്യൂഷണറി ഗാര്‍ഡ്‌സിന്‍റെ ഭീഷണിയില്‍നിന്ന് രക്ഷിക്കാനാണ് താന്‍ ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് മര്‍ച്ചന്‍റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആരെയെങ്കിലും കൊല്ലുന്നതിന് മുമ്പ് താന്‍ പിടിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകിച്ച് ഒരാളെ വധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇറാനിലെ ബന്ധപ്പെടുന്നയാള്‍ മൂന്ന് പേരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നും മര്‍ച്ചന്‍റ് വെളിപ്പെടുത്തി. ട്രംപ്, മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി എന്നിവരായിരുന്നു അവര്‍.

എന്നാല്‍ ട്രംപിനെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന തന്നെയായിരുന്നു ഇതെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. മര്‍ച്ചന്‍റിന് 330 മാസം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച അദ്ദേഹം, ട്രംപിനെ വധിക്കാനുള്ള നീക്കം ഏകോപിപ്പിക്കാന്‍ അമേരിക്കയിലെത്തിയ ഇറാന്‍റെ ഏജന്‍റിന് അര്‍ഹമായ ശിക്ഷ ലഭിച്ചുവെന്ന് പറഞ്ഞു. അമേരിക്കന്‍ നേതാക്കള്‍ക്കെതിരായ വിദേശ ഭീകരവാദ ഗൂഢാലോചനകള്‍ അനുവദിക്കില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍ച്ചന്‍റിന് ഇറാനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ ഗൂഢാലോചന ഇറാന്‍ ഭരണകൂടത്തിന്‍റെ പതിവ് പ്രവര്‍ത്തനരീതിക്ക് സമാനമാണെന്നും നേരത്തെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. 2024 ജൂലൈ 12ന് രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് മര്‍ച്ചന്‍റ് അറസ്റ്റിലായത്. കേസിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 330 മാസം, അതായത് 27 വര്‍ഷവും ആറുമാസവും തടവുശിക്ഷ വിധിച്ചിരിക്കുന്നത്.