
ന്യൂഡൽഹിയിൽ നടന്ന അർജന്‍റീനയുടെ ദേശീയ ദിനാഘോഷത്തിൽ അംബാസിഡർ മാരിയാനോ കൗസിനോ
getty image
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുണ്ടാകുമെന്ന് ഇന്ത്യയിലെ അംബാസിഡർ മാരിയാനോ കൗസിനോ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന അർജന്‍റീനയുടെ ദേശീയ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 22 നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കു ശക്തമായ പിന്തുണയുമായി രംഗത്തു വന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാണ് അർജന്‍റീന.
“ഭീകരവാദം എന്താണെന്ന് അനുഭവമുണ്ട് അർജന്‍റീനയ്ക്ക്. 1992ലും 94ലും ബ്യൂണസ് ഐറസിലെ ബോംബ് ആക്രമണങ്ങളിൽ നമുക്ക് നൂറിലധികം ജനങ്ങളെയാണ് നഷ്ടപ്പെട്ടത്” എന്ന് അംബാസിഡർ അനുസ്മരിച്ചു.
ഏതു തരത്തിലുള്ളതായാലും ഭീകരവാദത്തെ അംഗീകരിക്കാനാകില്ലെന്നും അതിനെ തടയാനും ശിക്ഷിക്കാനും രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും അത് രാജ്യങ്ങളുടെ ഉത്തരവാദിത്തവുമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയും അർജന്‍റീനയും തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി മോദിയുടെ അർജന്‍റീന സന്ദർശനത്തോടെ കൂടുതൽ ശക്തമായി. മോദിയും അർജന്‍റീനിയൻ പ്രസിഡന്‍റ് ജാവിയർ മിലെയിയും ചേർന്ന് സ്വതന്ത്ര വിപണികൾ, നിയന്ത്രണങ്ങളില്ലാത്ത ഭരണഘടനാ ഭരണം, നിയമത്തിന്‍റെ ആധിപത്യം തുടങ്ങിയ വിഷയങ്ങളിൽ ഒരേ നിലപാടുകൾ പങ്കു വച്ചതായി അംബാസിഡർ പറഞ്ഞു.
ഇരു രാജ്യങ്ങളും ജനാധിപത്യം, സ്വാതന്ത്ര്യം,മാനവിക ഗൗരവം തുടങ്ങിയ മൂല്യങ്ങളിൽ ആശയ ഐക്യം പുലർത്തുന്നതായും ഇരു രാജ്യങ്ങളും സമാന സാമ്പത്തിക വികസന പാതയിലാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അർജന്‍റീനയും ഇന്ത്യയും തമ്മിൽ വ്യാപാര ബന്ധം ശക്തമായതായും 4.6 ബില്യൺ ഡോളറിൽ എത്തിയ വ്യാപാരം കൊണ്ടാണ് അർജന്‍റീന ഇന്ത്യയ്ക്ക് പ്രധാന സോയാബീൻ എണ്ണ വിതരണ രാജ്യമായി മാറിയത്. സൂര്യകാന്തി എണ്ണ വിതരണത്തിലും രാജ്യത്തിനു മുന്നേറ്റമുണ്ടായി.
ഖനനം, ഇലക്‌ട്രിക് വാഹന വികസനം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കമ്പനികൾ ഇപ്പോൾ അർജന്‍റീനയിലെ കാറ്റമാർക്കയിൽ ലിഥിയം, സ്വർണം, ചെമ്പ് എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ഈ മേഖലയിലെ നിക്ഷേപങ്ങൾ ഇന്ത്യയുടെ ഭാവിയിലെ വ്യവസായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകും എന്നും അംബാസിഡർ പറഞ്ഞു.