
ഇസ്ലാമാബാദ്: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് 1,70,000 അഫ്ഗാനികൾ തിരികെ പോയതായി അധികൃതര്‍. ടോര്‍ഖോം അതിര്‍ത്തി വഴിയാണ് അഫ്ഗാന് പൗരന്മാര് അഫ്ഗാനിസ്ഥാനിലേക്കു മടങ്ങിപ്പോയത്. ഞായറാഴ്ച മാത്രം 6,500-ലധികം അഫ്ഗാന് പൗരന്മാര് പാക്കിസ്ഥാനില്‍ നിന്നു മടങ്ങിയതായി അധികൃതർ വ്യക്തമാക്കി.
നവംബര്‍ ഒന്നിനു മുമ്പ് അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന് നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം രാജ്യത്തു തുടരുന്നവരെ അറസ്റ്റ് ചെയ്തു നാടു കടത്തുമെന്നും അറിയിച്ചിരുന്നു. പാക്കിസ്ഥാന് നല്കിയ സമയപരിധി അവസാനിച്ചതിനു ശേഷവും സ്വമേധയാ രാജ്യം വിട്ടു പോകുന്നവര്‍ ധാരാളമാണ്.
നിസാര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന അഫ്ഗാന് പൗരന്മാരെയും തിരിച്ചയയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ 500ല്‍ അധികം തടവുകാരെ തിരികെ അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി, വര്‍ധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണു അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്.
ഭീകരപ്രവർത്തനത്തിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരിൽ അധികവും അനധികൃത കുടിയേറ്റക്കാരാണെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. ഈ കുടിയൊഴിപ്പിക്കലിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തു താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണു നിര്‍ബന്ധിതമായി പുറത്താക്കുന്നത്. ബഹുഭൂരിപക്ഷത്തിനും മടങ്ങാന്‍ സ്വന്തം നാടു പോലുമില്ല. ഇക്കാര്യം കണക്കിലെടുത്ത് ബലപ്രയോഗം പാടില്ലെന്നു യുഎന്നും പൗരാവകാശ സംഘടനകളും അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവും അഭ്യര്‍ഥിച്ചിരുന്നു.
പാക്കിസ്ഥാനില്‍ ഏകദേശം 40 ലക്ഷത്തോളം അഫ്ഗാന് വംശജരുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതില്‍ പതിനേഴ് ലക്ഷത്തിലധികം പേരും അനധികൃത കുടിയേറ്റക്കാരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയ ശേഷം പാക്കിസ്ഥാനിലേക്ക് ആറു ലക്ഷത്തോളം പേര് കുടിയേറി പാര്‍ത്തിരുന്നു. വരുംദിവസങ്ങളിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ രാജ്യവ്യാപക തെരച്ചില്‍ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.