
ആഷ്ലി ജെ. ടെല്ലിസ്
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധൻ അറസ്റ്റിൽ. ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വച്ചതിന് വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ. ടെല്ലിസാണ് അറസ്റ്റിലായത്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യമാണ് ടെല്ലിസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് യുഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ടെല്ലിസ് സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് കടത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും യുഎസ് അറ്റോർണി ഓഫിസ് ആരോപിക്കുന്നു.
64 വയസുള്ള ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലാണ് ജനിച്ചതെങ്കിലും നിലവിൽ യുഎസ് പൗരനാണ്. 2001 മുതൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മുൻ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് ജോർജ്ജ് ഡബ്ല്യു ബുഷിന്‍റെ ദേശിയ സുരക്ഷാ കൗൺസിലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.