അസദിനെയും കുടുംബത്തെയും കാണാനില്ല; സിറിയ വിട്ടോ അതോ കൊല്ലപ്പെട്ടോ?

അസദും കുടുബവും രാജ്യം വിട്ട് അജ്ഞാത കേന്ദ്രത്തിൽ അഭയം തേടിയിരിക്കാമെന്നാണ് സൂചന. വിമാനം തകർന്നതിനാലാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്ന സംശയവും നിലനിൽക്കുന്നു
Bashar Al Assad with wife Asma
ബാഷർ അൽ അസദും ഭാര്യ അസ്മയുംFile photo
Updated on

വിമത സൈന്യം രാജ്യത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദും ഭാര്യ അസ്മയും രണ്ടു മക്കളും രാജ്യത്തുനിന്ന് അപ്രത്യക്ഷരായി. ഇവർ കയറിയെന്നു കരുതുന്ന വിമാനം റഡാറുകളിൽ നിന്ന് കാണാതായിട്ടുണ്ട്. അസദും കുടുബവും രാജ്യം വിട്ട് അജ്ഞാത കേന്ദ്രത്തിൽ അഭയം തേടിയിരിക്കാമെന്നാണ് സൂചന. അതേസമയം, വിമാനം തകർന്നതിനാലാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ, ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്താലും വിമാനത്തെ റഡാറിനു കണ്ടെത്താനാവാതെ വരാം.

ഞായറാഴ്ച രാവിലെ വിമത സൈന്യം സിറിയൻ തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തതോടെയാണ് അസദിന്‍റെ 24 വർഷത്തെ ഭരണം അവസാനിച്ചത്. ഡമാസ്കസിൽനിന്നാണ് അസദ് അജ്ഞാത കേന്ദ്രത്തിലേക്ക് വിമാനം കയറിയതെന്ന് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഒരാഴ്ച മുൻപ് ആരംഭിച്ച വിമത മുന്നേറ്റത്തിൽ അലപ്പോ നഗരമാണ് ആദ്യം വീണത്. തുടർന്നിങ്ങോട്ട് നഗരങ്ങൾ ഒന്നൊന്നായി വിമതർ പിടിച്ചെടുത്തതോടെ അസദിനും സർക്കാർ സൈന്യത്തിനും പിടിച്ചുനിൽക്കാൻ സാധിക്കാതെയായി. തന്ത്രപരമായ പ്രാധാന്യമുള്ള മധ്യ നഗരം ഹോംസ് കൂടി വിമതരുടെ നിയന്ത്രണത്തിലായതോടെ ഡമാസ്കസ് അസദ് അനുകൂലികളുടെ ശക്തികേന്ദ്രങ്ങളിൽനിന്ന് പൂർണമായി ഒറ്റപ്പെട്ടിരുന്നു. ഇതോടെ അസദ് സർക്കാരിന്‍റെ രക്ഷയ്ക്ക് അണിനരത്തിയിരുന്ന റഷ്യൻ താവളങ്ങളും നിസഹായമായി.

വിമതർ മുന്നേറ്റം തുടങ്ങിയ ശേഷം അസദോ കുടുംബാംഗങ്ങളോ പൊതുവേദികളിൽ വന്നിട്ടില്ല. വിമതർ ഡമാസ്കസ് പിടിച്ചെടുത്ത സമയത്തു തന്നെയാണ് അവിടത്തെ വിമാനത്താവളത്തിൽ നിന്ന് സിറിയൻ എയറിന്‍റെ ഒരു വിമാനം പറന്നുയരുന്നത്. രാജ്യത്തിന്‍റെ തീരമേഖലയെ ലക്ഷ്യമിട്ട് നീങ്ങിയ വിമാനം ദിശ മാറ്റി തിരിച്ചു പറക്കുകയും പിന്നീട് റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയുമായിരുന്നു. വിമാനം വെടിവച്ചിട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്തിരിക്കാനുള്ള സാധ്യതയെക്കാൾ, വിമാനം തകർത്തിരിക്കാനുള്ള സാധ്യതയാണ് സിറിയൻ ഔദ്യോഗിക വൃത്തങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

അസദ് ഡമാസ്കസിൽ തന്നെയുണ്ടെന്നാണ് ശനിയാഴ്ച വരെ സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, അപകടം മുൻകൂട്ടി കണ്ട അസദ്, കുടുംബത്തെയും കൂട്ടി ദിവസങ്ങൾക്കു മുൻപേ ഇറാനിലേക്കോ റഷ്യയിലേക്കോ കടന്നിരിക്കാമെന്ന അഭ്യൂഹവും ഇപ്പോൾ ശക്തമാണ്.

ഡമാസ്കസിൽ മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ അസദിനെ സന്ദർശിക്കുന്നതിന്‍റെ ഫോട്ടൊ ഇറേനിയൻ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡമാസ്കസ് വീഴുന്നതിനു മുൻപ് തന്നെ യുഎഇയിലേക്ക് ഒരു ചരക്ക് വിമാനം പോയതായി റഡാറുകളിൽ കണ്ടിരുന്നു. അസദും കുടുംബവും ഇതിലുണ്ടായിരുന്നു എന്നു സംശയിക്കുന്നവരും ഏറെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com