

പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടായതായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ആഗോള വിമാന നിരീക്ഷണ സേവനമായ ഫ്ലൈറ്റ്റഡാർ24 വ്യാഴാഴ്ച എക്സിലൂടെ അറിയിച്ചു.
സൗദിയിലെ പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ ഭാഗമായി കിങ് ഫഹദ് വിമാനത്താവളത്തിന് നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ പുതിയ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കിഴക്കൻ മേഖലയിൽ നാല് ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി അറിയിച്ചു.
സൗദിയുടെ തെക്കുകിഴക്കൻ മേഖലയിലെ അരാംകോയുടെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവർ നേപ്പാൾ, ഫിലിപ്പീൻസ് സ്വദേശികളാണെന്നും പരുക്കേറ്റവർ പാക്കിസ്ഥാൻ, ഇന്ത്യ സ്വദേശികളാണെന്നും സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
ഷൈബ എണ്ണപ്പാടത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് കരാർ കമ്പനിയുടെ വാഹനത്തിനും തീപിടിച്ചു. കഴിഞ്ഞ മാസവും ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് സൗദിയിൽ താമസിച്ചിരുന്ന യെമൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. സൗദി കപ്പൽഗതാഗതത്തെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കിയശേഷം രാജ്യത്തുണ്ടായ ആദ്യ സിവിലിയൻ മരണമായിരുന്നു ഇത്.
ഈ മാസം ആദ്യം സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അരാംകോയുടെ ഭരണകാര്യ കെട്ടിടത്തിലും ആക്രമണത്തെ തുടർന്ന് ചെറിയ തീപിടിത്തമുണ്ടായതായി ഊർജ മന്ത്രാലയം അറിയിച്ചിരുന്നു.