

ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ വാണിജ്യ കപ്പലിന് നേരെ ആക്രമണം
Representative image
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിന് സമീപം ഇറാന്‍റെ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
10 ജീവനക്കാരുള്ള ചരക്ക് കപ്പലിന് നേർക്കാണ് ആക്രമണം നടന്നത്. ആരാണ് ആക്രമണം നടത്തിയതെന്നോ ഏതുതരം ആയുധമാണ് പ്രയോഗിച്ചതെന്നോ ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കപ്പലിന് നേർക്ക് ആക്രമണം നടന്ന വിവരം യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നിരീക്ഷണസംവിധാനം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം തുടരുന്നതിനിടെ അമെരിക്കൻ സൈന്യം നേരത്തെ ഇറാൻ പതാകയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമെരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ചത്തെ ആക്രമണത്തിൽ യുഎസ് സൈന്യത്തിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായില്ല.
ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയാണ് ഖേഷം ദ്വീപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന്‍റെ നിയന്ത്രണം ഉറപ്പാക്കുന്നതിൽ തന്ത്രപ്രധാന സ്ഥാനമാണ് ദ്വീപിനുള്ളത്.
ഫെബ്രുവരി 28ന് അമെരിക്കയും ഇറാനും യുദ്ധം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ ആക്രമണം. സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ, പ്രകൃതിവാതക വിലകൾ ഉയർന്നിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാനും ഒമാനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രാദേശിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരുമെന്ന് ഇറാൻ ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ
ഒമാനുമായി ധാരണയിലെത്തിയാലും കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അർഥമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമെരിക്ക ഇറാനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന സാഹചര്യത്തിലായിരിക്കും ജലപാത തുറക്കുകയെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആക്രമണങ്ങൾ തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം നിലവിൽ വളരെ കുറവാണ്. കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതിലും ഇറാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.