
മനസു വായിക്കുംഎ ഐ
symbolic
സിഡ്നി: തലച്ചോറിലെ തരംഗങ്ങളെ (brainwaves) ടെക്സ്റ്റാക്കി മാറ്റുന്ന നിർമിത ബുദ്ധി(AI) സംവിധാനം വികസിപ്പിക്കുന്നതിൽ മുന്നേറ്റം നടത്തി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ. തലച്ചോറിലെ തരംഗങ്ങളിൽ നിന്നും ചിന്തകൾ വായിച്ചെടുക്കുന്ന സംവിധാനമാണിത്.
ഡോക്റ്റർമാർ തലച്ചോറിലെ അവസ്ഥകൾ നിർണയിക്കാൻ ഇലക്‌ട്രോ എൻസെഫലോഗ്രാം (EEG) ഉപയോഗിക്കുമ്പോൾ, സിഡ്നി യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിലെ (UTS) ഗവേഷകർ ഇത് ചിന്തകൾ വായിക്കാൻ ഉപയോഗിക്കുന്നു.
ഇഇജിയിൽ നിന്നുളള തലച്ചോറിലെ സിഗ്നലുകളെ വാക്കുകളായി വിവർത്തനം ചെയ്യാൻ ഡീപ് ലേണിങ് ഉപയോഗിക്കുന്നതാണ് പിഎച്ച്ഡി വിദ്യാർഥികളായ ചാൾസ്(ജിൻഷാവോ) ഷൗവും അദ്ദേഹത്തിന്‍റെ ഗൈഡുകളായ ചിൻ-ടെങ് ലിനും ഡോ.ലിയോങും ചേർന്നു വികസിപ്പിച്ചെടുത്ത എഐ മോഡൽ. ഡോ.ലിയോങ് 128- ഇലക്‌ട്രോഡ് ഇഇജി ക്യാപ് ധരിക്കുകയും ഒരു വാക്കു പോലും ഉച്ചരിക്കാതിരിക്കുകയും ചെയ്തപ്പോൾ " ഞാൻ സന്തോഷത്തോടെ ചാടുകയാണ്, അത് ഞാനാണ്' എന്ന് എഐ മോഡൽ റിസൽട്ട് നൽകി. ഓരോ വാക്കും തിരിച്ചറിയുന്നത് ലളിതമാക്കുന്നതിനായി ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് എബിസി ന്യൂസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
സ്ട്രോക്ക് പുനരധിവാസത്തിനും ഓട്ടിസമുള്ളവരുടെ സംസാര ചികിത്സയ്ക്കും പക്ഷാഘാതം ബാധിച്ച രോഗികൾക്ക് ആശയവിനിമയം പുന: സ്ഥാപിക്കുന്നതിനും ഈ സാങ്കേതിക വിദ്യയ്ക്ക് വലിയ സാധ്യതകൾ ഉണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ലോകമെങ്ങും ശാസ്ത്രജ്ഞർ ഇഇജിയും എഐയും സംയോജിപ്പിച്ച് ശ്രദ്ധേയമായ ഫലങ്ങൾ നേടുന്നുണ്ട്.വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകർ മുമ്പു തന്നെ രോഗികളിലെ തലച്ചോറിന്‍റെ തകർച്ച പ്രവചിക്കാൻ കഴിവുള്ള ഒരു എഐ ടൂൾ വികസിപ്പിച്ചിരുന്നു. ഉറക്ക സമയത്ത് ഇഇജി ഉപയോഗിച്ച് തലച്ചോറിലെ പ്രവർത്തനങ്ങളിലെ സൂക്ഷ്മമായ മാറ്റങ്ങൾ വിശകലനം ചെയ്യുകയാണ് എഐ ടൂൾ ചെയ്യുന്നത്.
തുടർന്ന് നടത്തിയ പഠനത്തിനിടയിൽ അത് ഓർമശക്തിയും ശ്രദ്ധയും അടക്കം കുറയുന്ന cognitive decline അനുഭവിച്ച വ്യക്തികളിൽ എൺപത്തഞ്ചു ശതമാനം പേരെയും ശരിയായി തിരിച്ചറിഞ്ഞു. സംവിധാനത്തിന്‍റെ കൃത്യത 77 ശതമാനമായിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.