
ന്യൂയോർക്ക്: താൻ ജനിച്ചത് ഇക്കാലത്തായിരുന്നെങ്കിൽ തനിക്ക് ഓട്ടിസം സ്ഥിരീകരിക്കുമായിരുന്നു എന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ തെറാപ്പിസ്റ്റിന്‍റെ അടുത്ത് കൊണ്ടു പോയിരുന്നു. തന്‍റെ ഓർമക്കുറിപ്പായ 'സോഴ്സ് കോഡ്: മൈ ബിഗിനിങ്സ്' എന്ന ആത്മകഥാ പ്രകാശനത്തിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലായിരുന്നു ബിൽ ഗേറ്റ്സിന്‍റെ തുറന്നു പറച്ചിൽ.
സ്കൂളിൽ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി താനൊരു സ്ലോ ലേണർ ആയിരുന്നു എന്ന് അദ്ദേഹം ഓർമിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ അധ്യാപിക ആവശ്യപ്പെട്ടു. മറ്റു കുട്ടികൾ പത്തു പേജിൽ തീർത്ത റിപ്പോർട്ട് താൻ 200 പേജിലാണ് എഴുതിത്തീർത്തത് എന്നും അദ്ദേഹം അനുസ്മരിച്ചു.
ഇത്തരത്തിലുള്ള തന്‍റെ പെരുമാറ്റം അധ്യാപകരെയും മാതാപിതാക്കളെയും വലിയ ആശയക്കുഴപ്പത്തിലാക്കിയെന്നും ഉയർന്ന ഗ്രേഡ് ക്ലാസിലേയ്ക്കു മാറ്റുന്നതിനെ കുറിച്ചു പോലും അവർ സംശയിച്ചിരുന്നു എന്നും അദ്ദേഹം ഓർമിച്ചു.
ചില മനുഷ്യരുടെ മസ്തിഷ്കങ്ങളിൽ വിവരങ്ങൾ സാധാരണക്കാരിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഫോക്കസ് ചെയ്യുന്നത്. എന്നാൽ ഒരു ജോലിയിൽ തീവ്ര ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്‍റെ കരിയറിൽ സഹായകമായി- ബിൽഗേറ്റ്സ് ഓർമിച്ചെടുത്തു.
ഓട്ടിസം ബാധിതരായ കുട്ടികളുടെ തലച്ചോറ് കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് ഗ്രഹിക്കുന്നത്. ഓട്ടിസത്തിൽ നിന്നു പുറത്തു കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ അത് മറച്ചു വയ്ക്കേണ്ടതില്ല- ബിൽ അഭിമുഖത്തിൽ എടുത്തു പറഞ്ഞു.
കേരളത്തിൽ മുമ്പെന്നത്തെക്കാളും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ വർധിച്ചു വരുന്ന ഈ കാലത്ത് ബിൽ ഗേറ്റ്സിന്‍റെ ഈ അനുഭവക്കുറിപ്പ് വലിയൊരു പ്രതീക്ഷ നൽകുന്നു. ഓട്ടിസം ഉള്ള കുട്ടികളെ കൂടെച്ചേർത്തു നിർത്തി വേണ്ട പ്രോത്സാഹനം നൽകി വളർത്തിക്കൊണ്ടു വന്നാൽ അവരും വലിയ നേട്ടങ്ങൾ കൊയ്യുമെന്നും ബിൽ ഗേറ്റ്സ് നമ്മെ പഠിപ്പിക്കുന്നു.