

ഡോണൾഡ് ട്രംപ്, അസിം മുനീർ
File
ഇറാൻ - യുഎസ് സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമ്പോൾ, പാക് സൈനിക മേധാവി അസിം മുനീർ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനു ബാധ്യതയായി മാറുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അസിം മുനീറിനുള്ള ദീർഘകാല ബന്ധം കണക്കിലെടുത്താണ് ഇങ്ങനെയൊരു റിപ്പോർട്ട്.
കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനി, ഐആർജിസി കമാൻഡർ ഹുസൈൻ സലാമി എന്നിവരുൾപ്പെടെയുള്ള ഉയർന്ന ഇറാനിയൻ വ്യക്തികളുമായി മുനീർ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നതായി വിരമിച്ച പാക് ജനറൽ അഹമ്മദ് സയീദ് വെളിപ്പെടുത്തിയിരുന്നു.
മുനീറിനെ തന്‍റെ 'പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്നു വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പരസ്യമായി പ്രശംസിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഈ ഇരട്ട റോൾ യുഎസ് താത്പര്യങ്ങളെ ബാധിച്ചേക്കുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വിശ്വാസവഞ്ചനയുടെ പാക് ചരിത്രം
യുഎസ് കൂടി ഉൾപ്പെട്ട അഫ്ഗാനിസ്ഥാൻ വിഷയത്തിൽ 'വിശ്വാസവഞ്ചകനായ സഖ്യകക്ഷി' എന്നാണ് പാക്കിസ്ഥാനു കിട്ടിയിട്ടുള്ള വിശേഷണം. അവർ ഇപ്പോൾ ഇറാനുമായി പുലർത്തുന്ന അടുത്ത ഏകോപനം ഭാവിയിൽ കടുത്ത സുരക്ഷാ ഭീഷണിയായി മാറുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.
യുഎസ് സഹായം കൈപ്പറ്റിക്കൊണ്ടുതന്നെ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ താലിബാനെ പിന്തുണച്ച ചരിത്രം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ അനുഭവം മുൻനിർത്തി, വിശ്വസിക്കാൻ കൊള്ളാത്ത സഖ്യകക്ഷിയായ പാക്കിസ്ഥാനെ ഡൊണാൾഡ് ട്രംപ് അകറ്റി നിർത്തണമെന്നാണ് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ ബിൽ റോഗിയോ പറയുന്നത്.
അസിം മുനീറിന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധം വാഷിങ്ടണിന് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനീറിനെ സൂക്ഷിക്കുക
ട്രംപുമായുള്ള തന്‍റെ സൗഹൃദം ദുരുപയോഗം ചെയ്ത് മുനീർ ഇറാനിയൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചേക്കുമെന്നും എഫ്ഡിഡി വിദഗ്ധർ പറയുന്നു. മുനീറിന്‍റെ വളർച്ച പാക്കിസ്ഥാനിലെ സിവിൽ ഭരണകൂടത്തിന് മേൽ സൈന്യത്തിനുള്ള വർധിച്ചുവരുന്ന ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പാക് നിരീക്ഷകൻ റാസ റൂമിയും ചൂണ്ടിക്കാട്ടുന്നു.
2022 അവസാനം അസിം മുനീർ സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാർശ്വവത്കരിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾക്കാണ് പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. നിയന്ത്രണമില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം ആഗോളതലത്തിൽ ധാർമിക മൂല്യങ്ങളെ തകർക്കുന്നുവെന്ന മുനീറിന്‍റെ പ്രസ്താവന ഏകാധിപത്യ പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെക്കാൾ, സൈനിക ആധിപത്യത്തോടും കേന്ദ്രീകൃത നിയന്ത്രണത്തോടുമാണ് മുനീറിന്‍റെ താത്പര്യം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെക്കാൾ കൂടുതൽ പാക് വിദേശ നയത്തിൽ സ്വാധീനം ചെലുത്തുന്നത് സൈന്യമാണ് എന്നത് പതിറ്റാണ്ടുകളായി തുടരുന്ന പ്രവണതയാണ്. ഇത്തരം മുന്നറിയിപ്പുകൾക്കിടയിലും പ്രസിഡന്‍റ് ട്രംപ് മുനീറിനെ വളരെയധികം വിശ്വാസത്തിലെടുക്കുന്നതായാണ് കാണപ്പെടുന്നത്.
ഇന്ത്യ - പാക് സംഘർഷം മുതലെടുത്ത മുനീർ
2025 മേയിൽ ഇന്ത്യ-പാക്കിസ്ഥാൻ പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടത്തിലാണ് അസിം മുനീറും ഡോണൾഡ് ട്രംപും തമ്മിലുള്ള ബന്ധം ദൃഢമായത്. അന്ന് സംഘർഷം ലഘൂകരിക്കുന്നതിൽ മുനീർ വലിയ പങ്കുവഹിച്ചതായി കരുതപ്പെടുന്നു. നിലവിൽ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിനിധികളായ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ ഇറാനുമായി നടത്തുന്ന രഹസ്യ ചർച്ചകൾക്ക് മുനീറാണ് സൗകര്യം ഒരുക്കുന്നത്.
സമാധാന ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ മുനീർ 'മികച്ച ജോലി' ചെയ്യുന്നുവെന്ന് ട്രംപ് പരസ്യമായി പ്രശംസിച്ചു. എന്നാൽ, ഇറാൻ കൃത്യമായ ആണവ വാഗ്ദാനങ്ങൾ നൽകാൻ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് അടുത്തിടെ പാക്കിസ്ഥാനിലെ ചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോവുകയാണു ചെയ്തത്.