പുറം ലോകവുമായി ബന്ധവുമില്ലാത്ത 'അവ' ഗോത്രവിഭാഗം കാടിറങ്ങി; അപൂർവ ദൃശ്യങ്ങൾ പുറത്ത്, കാരണം!

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഗോത്രവിഭാഗമാണ് അവ
awa tribe members emerge from amazon forest brazil

പുറം ലോകവുമായി ബന്ധവുമില്ലാത്ത 'അവ' ഗോത്രവിഭാഗം കാടിറങ്ങി; അപൂർവ ദൃശ്യങ്ങൾ പുറത്ത്, കാരണം ഇതാണ്!

Updated on: 

ബ്രസീലിയ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന അവ ഗോത്രവിഭാഗ അംഗങ്ങള്‍ വനത്തിന് പുറത്തേക്ക് വന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. 20 ഓളം പേരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരം വെട്ടുകാരുടെയും വേട്ടക്കാരുടെയും ഭീഷണിമൂലം അവ ഗോത്രവിഭാഗം ബുദ്ധിമുട്ടുന്നുവെന്ന് സാമൂഹിക പ്രവർത്തകർ ആശങ്ക ഉയർത്തുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.

വടക്കുകിഴക്കന്‍ ബ്രസീലിലെ മരന്‍ഹാവോയിലുള്ള അരാരിബോയ ഗോത്രമേഖലയിലെ തവാരി ഗ്രാമത്തിന് സമീപത്തായാണ് അവ ഗോത്രവിഭാഗത്തെ കണ്ടത്. ഇവർ മേഖലയിലെ ഒരു സന്നദ്ധ സംഘത്തില്‍ നിന്ന് ഭക്ഷണം വാങ്ങി തിരിച്ചു പോവുകയും ചെയ്തു.

അവാ ജനവിഭാഗം താമസിക്കുന്ന പ്രദേശത്തേക്ക് സമീപകാലത്തായി അനധികൃത മരംവെട്ടുകാരും വേട്ടക്കാരും കന്നുകാലി വളർത്തുന്നവരും കടന്നുകയറിയിരിക്കുന്നു. ഇവരുടെ കടന്നുകയറ്റം ഇവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു. മരൻഹാവോ മേഖലയിലെ ഇവരുടെ സംരക്ഷിത വനമേഖലയുടെ വലിയൊരു ഭാഗം ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.

പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ സാധാരണ ജലദോഷം പോലുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഇവർക്കില്ല. അതിനാൽ പുറത്തുനിന്നുള്ളവരുമായുള്ള സമ്പർക്കം ഇവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

"ഭൂമിയിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഗോത്രവിഭാഗം" എന്നാണ് അവാ ജനതയെ വിശേഷിപ്പിച്ചിരുന്നത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ കാടിനുള്ളിലൂടെ സഞ്ചരിച്ച് ജീവിക്കുന്ന നാടോടി വിഭാഗമാണിവർ. വേട്ടയാടലും കാട്ടുവിഭവങ്ങൾ ശേഖരിക്കലുമാണ് പ്രധാന ഉപജീവനമാർഗം.