
ബാൾട്ടിമോർ ചരക്കു കപ്പൽ സ്ഫോടനം: ആളപായമില്ലെന്ന് സൂചന
Representative image
ബാൾട്ടിമോർ: യുഎസിലെ മേരിലാൻഡ് സ്റ്റേറ്റിലെ സുപ്രധാന തുറമുഖ നഗരമായ ബാൾട്ടിമോറിൽ കൽക്കരി കൊണ്ടു പോകുകയായിരുന്ന ചരക്കു കപ്പലിൽ സ്ഫോടനം. ആളപായമോ പരുക്കുകളോ പ്രാഥമികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷം ചരക്കു കപ്പലിടിച്ച് നാശമുണ്ടായ ബാൾട്ടിമോർ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിനു സമീപത്തായാണ് ചരക്കു കപ്പലിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് പടർന്നു പിടിച്ച തീ അണച്ചതായി യുഎസ് കോസ്റ്റ്ഗാർഡ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് തീ പടർന്ന വിവരം അധികൃതർ അറിയിച്ചത്. യുഎസ് കോസ്റ്റ് ഗാർഡും ബാൾട്ടിമോറിലെ അഗ്നിശമന സേനയും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
കപ്പലിലെ തീ അണച്ചതായി കോസ്റ്റ് ഗാർഡ് പെറ്റി ഓഫീസർ ഫസ്റ്റ് ക്ലാസ് മാത്യു വെസ്റ്റ് പറഞ്ഞു. സ്ഫോടനത്തിന്‍റെയും തീ പിടുത്തത്തിന്‍റെയും കാരണം അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡബ്ല്യു-സഫേർ എന്ന കപ്പലിലാണ് സ്ഫോടനം ഉണ്ടായത്. കപ്പലിൽ 23 ജീവനക്കാർ ഉണ്ടായിരുന്നു എന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിൽ കപ്പലിനു ലക്ഷക്കണക്കിനു രൂപയുടെ നാശം സംഭവിച്ചു.