

മുജിബുര്‍ റഹ്‌മാന്‍
ധാക്ക: ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍റെ 'രാഷ്ട്രപിതാവ്' എന്ന പദവി പിന്‍വലിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ബംഗ്ലാദേശിന്‍റെ മുന്‍ പ്രധാനമന്ത്രിയും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്ത ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബുര്‍ റഹ്‌മാന്‍. പാക്കിസ്ഥാനിൽനിന്നു വേറിട്ട് ബംഗ്ലാദേശിനെ സ്വതന്ത്ര രാഷ്ട്രമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് അദ്ദേഹം.
സ്വാതന്ത്ര സമരസേനാനിയുടെ നിര്‍വചനം പരിഷ്‌കരിച്ചു കൊണ്ട് നിയമനിര്‍മാണം ഭേദഗതി ചെയ്തതിനാലാണ് മുജിബുര്‍ റഹ്‌മാന് രാഷ്ട്രപിതാവിന്‍റെ പദവി നഷ്ടമായതെന്നാണു ബുധനാഴ്ച ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വാതന്ത്ര്യ സമര സേനാനിയുടെ നിര്‍വചനം മാറ്റിക്കൊണ്ട് ഇടക്കാല സര്‍ക്കാര്‍ നാഷണല്‍ ഫ്രീഡം ഫൈറ്റേഴ്‌സ് കൗണ്‍സില്‍ ആക്റ്റില്‍ ഭേദഗതി വരുത്തുകയായിരുന്നു. നിയമ, നീതി, പാര്‍ലമെന്‍ററികാര്യ മന്ത്രാലയം ചൊവ്വാഴ്ച രാത്രി ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
മുജിബുര്‍ റഹ്‌മാന്‍റെ ചിത്രം മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ കറന്‍സി നോട്ടുകളില്‍ നിന്ന് ഒഴിവാക്കിയതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ രാഷ്ട്രപിതാവ് എന്ന പദവി നീക്കം ചെയ്തത്.