പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ

പാക്കിസ്ഥാനും സൗദി അറേബ്യയും തുർക്കിയും ഉൾപ്പെട്ട മക്ക ഉടമ്പടിയിൽ (Mecca Pact) ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നു; ഇന്ത്യയുടെ പ്രാദേശിക സുരക്ഷാ ആശങ്കകൾ വർധിക്കുന്നു
പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ

തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉർദുഗാൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവർ മക്ക ഉടമ്പടി ഒപ്പുവച്ച ശേഷം.

File

Updated on

ധാക്ക: സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട 'മക്ക ഉടമ്പടിയിൽ' (Mecca Pact) പങ്കാളിയാകാൻ ബംഗ്ലാദേശ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് ദക്ഷിണേഷ്യയിലെ പ്രാദേശിക സുരക്ഷാ സമവാക്യങ്ങളെയും ഇന്ത്യയുടെ പ്രതിരോധ താത്പര്യങ്ങളെയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ജിദ്ദയിൽ നടന്ന ഒഐസി (OIC) വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയോടനുബന്ധിച്ച്, ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മക്ക ഉടമ്പടി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയത്. സൗദി അറേബ്യ ബംഗ്ലാദേശിനെ ഈ സഖ്യത്തിലേക്ക് ക്ഷണിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയും പാക്കിസ്ഥാനും ചേർന്ന് രൂപീകരിച്ച പ്രതിരോധ കരാറിൽ മക്കയിൽ വച്ച് തുർക്കി കൂടി ഒപ്പുവച്ചതോടെയാണ് ഇത് മക്ക ഉടമ്പടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് ഇതിന്‍റെ പ്രധാന തത്വം.

മക്ക കരാറിൽ ചേരുന്നത് ബംഗ്ലാദേശിന്‍റെ പരമാധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും രാജ്യത്തിന്‍റെ താത്പര്യങ്ങൾ മുൻനിർത്തി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ബംഗ്ലാദേശിലെ പ്രതിപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കുന്നു.

പാക്കിസ്ഥാനും തുർക്കിയും ഉൾപ്പെടുന്ന ഒരു പ്രതിരോധ സഖ്യത്തിലേക്ക് ബംഗ്ലാദേശ് കൂടി എത്തുമ്പോൾ ഇന്ത്യയുടെ അതിർത്തികളിൽ പുതിയ സുരക്ഷാ ഭീഷണികൾ ഉയർന്നേക്കാം. പാക്കിസ്ഥാൻ തങ്ങളുടെ താത്പര്യങ്ങൾക്കായി ബംഗ്ലാദേശിനെ കരുവാക്കുമോ എന്ന ആശങ്കയും ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്കുണ്ട്.

"ഇന്ത്യയുമല്ല, പാക്കിസ്ഥാനുമല്ല, ബംഗ്ലാദേശാണ് പ്രധാനം" എന്ന തരിഖ് റഹ്മാൻ സർക്കാരിന്‍റെ വിദേശനയത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നും, ഇത് ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക് കൂടുതൽ അടുക്കുന്നതിന്‍റെ സൂചനയാണെന്നും വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

logo
Metro Vaartha
www.metrovaartha.com