

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
ധാക്ക: ബംഗ്ലാദേശിന്‍റെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗിറാണ് മത്സരത്തിൽ മുന്നിലുള്ളത്. 35 വർഷത്തിന് ശേഷമാണ് രാജ്യത്ത് ആദ്യമായി മത്സരാധിഷ്ഠിതമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആലംഗിറും 11 പാർട്ടികളടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ സ്ഥാനാർഥിയായ മുൻ കേണൽ ഒലി അഹമ്മദും തമ്മിലാണ് മത്സരം. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ പാർലമെന്‍റിലാണ് വോട്ടെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പുതിയ പ്രസിഡന്‍റ് വെള്ളിയാഴ്ച വൈകിട്ട് ബംഗഭബനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
78കാരനായ ആലംഗിർ ഭരണകക്ഷിയായ ബിഎൻപിയുടെ സ്ഥാനാർഥിയാണ്. 84കാരനായ ഒലി അഹമ്മദ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ചെയർമാനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ഇരുവരുടെയും നാമനിർദേശ പത്രികകൾ ഓഗസ്റ്റ് 16ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നു.
1991ന് ശേഷമുള്ള ആദ്യ മത്സരാധിഷ്ഠിത പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ധാരണയിലൂടെയോ എതിരില്ലാതെയോ ആയിരുന്നു പ്രസിഡന്‍റുമാരെ തെരഞ്ഞെടുത്തിരുന്നത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയായ മുഹമ്മദ് ഷഹാബുദ്ദീൻ കഴിഞ്ഞ മാസം രാജിവച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.