സൈന്യവുമായി ഭിന്നത; മുഹമ്മദ് യൂനുസ് രാജിക്ക്!!

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ നടന്ന രക്തരൂഷിത കലാപത്തിലാണ് സമാധാന നൊബേൽ ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്‍റെ ഭരണത്തിലേറിയത്
bangladesh yunus resignation
Muhammad Yunus
Updated on

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ‌. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന നാഷണൽ സിറ്റിസൺ പാർട്ടി മേധാവി നഹീദ് ഇസ്‌ലാം, മന്ത്രിസഭയിലെ സഹപ്രവർത്തകരായ മഹ്ഫൗജ് ആലം, ആസിഫ് മഹമൂദ് ഷോജിബ് ഭുയാൻ തുടങ്ങിയവർ കഴിഞ്ഞദിവസം, യൂനുസുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവയ്ക്കരുതെന്ന് ഇവർ അഭ്യർഥിച്ചതായാണു സൂചനകൾ.

അതേസമയം, യൂനുസ് രാജിവയ്ക്കില്ലെന്നും ഡിസംബറിനും ജൂണിനും ഇടയിൽ തെരഞ്ഞെടുപ്പു നടക്കുമെന്നും ബംഗ്ലാദേശ് വനം- പരിസ്ഥിതി മന്ത്രിയുടെ ചുമതല വഹിക്കുന്ന സയീദ റിസ്വാന ഹസൻ പറഞ്ഞു.

ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ യൂനുസ് അസംതൃപ്തനാണെന്നാണ് നഹീദ് ഇസ്‌ലാം ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്. സൈന്യവുമായി ചേർന്ന് പ്രവർത്തനം തുടരാനാകുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. റാഖൈൻ ഇടനാഴി, പൊതുതെരഞ്ഞെടുപ്പ് പ്രശ്നങ്ങളിൽ സൈന്യം സ്വീകരിച്ച നിലപാടുകളാണു യൂനുസിനെ സമ്മർദത്തിലാക്കുന്നത്. മ്യാൻമറിലെ അരാക്കൻ മേഖലയിലേക്ക് അടിയന്തര സഹായങ്ങളെത്തിക്കാൻ മാനുഷിക ഇടനാഴി അനുവദിക്കണമെന്ന യുഎൻ ആവശ്യം യൂനുസ് അംഗീകരിച്ചിരുന്നു.

എന്നാൽ, പട്ടാളത്തിനു മേൽ സമ്മർദം ചെലുത്താനുള്ള യൂനുസിന്‍റെ തന്ത്രമായും രാജിനീക്കം വിലയിരുത്തപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു നടന്നാൽ യൂനുസ് അധികാരത്തിനു പുറത്താകും. രാജിവാർത്ത ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ഇസ്‌ലാമികവാദക്കാർ ധാക്കയിലേക്കും കന്‍റോൺമെന്‍റിലേക്കും മാർച്ച് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകുകയാണ് യൂനുസിന്‍റെ ലക്ഷ്യം.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ നടന്ന രക്തരൂഷിത കലാപത്തിലാണ് സമാധാന നൊബേൽ ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്‍റെ ഭരണത്തിലേറിയത്. അക്രമികളെ ഭയന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. അധികാരമേറ്റതു മുതൽ ചൈന, പാക്കിസ്ഥാൻ രാജ്യങ്ങൾക്ക് അനുകൂലമായ നിലപാടുകളാണ് യൂനുസ് സ്വീകരിച്ചത്. അടുത്തിടെ നടത്തിയ ചൈനാ സന്ദർശനത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടവയാണെന്നും കടൽ സുരക്ഷയിൽ ബംഗ്ലാദേശാണു നിർണായകമെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു യൂനുസിന്‍റെ പരാമർശം.

കഴിഞ്ഞ മാര്‍ച്ചില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ധാക്ക സന്ദര്‍ശിച്ചപ്പോഴാണു റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ ഇടനാഴിയെന്ന ആശയം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച യൂനുസ് സർക്കാർ റോഹിംഗ്യ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഉന്നത പ്രതിനിധിയായ ഖലീലൂര്‍ റഹ്‌മാനെ ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. എന്നാൽ, ഇടനാഴിക്കെതിരേ പട്ടാള മേധാവി വഖാർ ഉസ് സമൻ പരസ്യമായി രംഗത്തെത്തി. രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നു സമൻ തുറന്നടിച്ചു. രാജ്യത്ത് ഡിസംബറിനു മുൻപ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വരണമെന്നും സമൻ പറഞ്ഞു. വിവിധ രാഷ്‌ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com