
വായ്പയെടുത്ത ആളിൽ നിന്ന് ബാങ്ക് അധികമായി ഈടാക്കിയ തുക നഷ്ടപരിഹാരം സഹിതം തിരിച്ചുനൽകാൻ ഉത്തരവ്
ഫുജൈറ: വായ്പയെടുക്കുകയും ക്രെഡിറ്റ് കാർഡ് സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്ത ഉപയോക്താവിൽ നിന്ന് ബാങ്ക് അധിക തുക ഈടക്കിയെന്ന പരാതിയിൽ കൂടുതലായി കൈപ്പറ്റിയ തുകയും നഷ്ട പരിഹാരവും കോടതി ചെലവും ഉപയോക്താവിന് നൽകണമെന്ന് ഫുജൈറ ഫെഡറൽ കോടതി ഉത്തരവിട്ടു.
യഥാർഥത്തിൽ നൽകേണ്ടതിനേക്കാൾ 338,641 ദിർഹം കൂടുതൽ ഉപയോക്താവ് അടച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫുജൈറയിലെ ഫെഡറൽ കോടതിയുടെ സുപ്രധാന ഉത്തരവ്. പരാതിക്കാരൻ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
കൂടാതെ, അദ്ദേഹത്തിന് കുടിശ്ശികയില്ലെന്ന് സ്ഥിരീകരിക്കുന്ന ക്ലിയറൻസ് ലെറ്റർ ബാങ്ക് നൽകുകയും അതുമായി ബന്ധപ്പെട്ട എല്ലാ കോടതി ചെലവുകളും ബാങ്ക് വഹിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.
പരാതിക്കാരന്‍റെ അക്കൗണ്ടിൽ എത്തുന്ന ശമ്പളത്തുക പെട്ടെന്ന് ബാങ്ക് മരവിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആ സമയത്ത് തനിക്ക് കുടിശികയൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ രേഖകളിൽ ഒപ്പിടാൻ ബാങ്ക് ആവശ്യപ്പെടുകയും അദ്ദേഹം അത് നിരാകരിക്കുകയും ചെയ്തു.
ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത് മുതൽ കേസ് ഫയൽ ചെയ്ത ദിവസം വരെയുള്ള തന്‍റെ ബാങ്കിംഗ് ഇടപാടുകളുടെ ചരിത്രം പരിശോധിക്കാൻ ഒരു സ്വതന്ത്ര സാമ്പത്തിക വിദഗ്ദ്ധനെ നിയോഗിക്കണമെന്ന പരാതിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
ഉപയോക്താവ് എല്ലാ വായ്പകളും ക്രെഡിറ്റ് കാർഡ് ബാലൻസുകളും അടച്ചുതീർത്തിട്ടുണ്ടെന്നും തടഞ്ഞുവച്ച ശമ്പളം ഉൾപ്പെടെ 338,000 ദിർഹത്തിൽ കൂടുതൽ തുക കൂടുതലായി അടച്ചിട്ടുണ്ടെന്നും വിദഗ്ദ്ധൻ കോടതിക്ക് റിപ്പോർട്ട് നൽകി.
അർഹതയില്ലാത്ത പണം ലഭിച്ചാൽ, അത് തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥരാണെന്നും ബാങ്കിന്‍റെ നടപടികൾ പ്രത്യേകിച്ച് ആ വ്യക്തിയുടെ ശമ്പളം മരവിപ്പിച്ചത് ന്യായീകരിക്കാനാവാത്തതും നഷ്ടപരിഹാരം നല്കേണ്ടതുമായ തെറ്റാണെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് അധിക തുകയ്ക്ക് കേസ് ഫയൽ ചെയ്ത തീയതി മുതൽ 9% വാർഷിക പലിശയും 10,000 ദിർഹം നഷ്ടപരിഹാരവും നൽകാൻ കോടതി വിധിച്ചത്.