

കിഴക്കൻ പസഫിക് സമുദ്രത്തിൽ യുഎസ് സൈനിക ആക്രമണം: രണ്ടു മരണം
വാഷിങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ അമെരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മയക്കുമരുന്നു കടത്തുകാർ എന്നു സംശയിക്കുന്ന രണ്ടു പേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച ബോട്ടിനു നേരെ അമെരിക്കൻ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും ഒരാൾ രക്ഷപ്പെട്ടതായും യുഎസ് സതേൺ കമാൻഡ് അറിയിച്ചു.
ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ടയാളെ കണ്ടെത്താൻ യു.എസ്. കോസ്റ്റ് ഗാര്‍ഡിനെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.ഈ ആക്രമണം സംബന്ധിച്ച് യുഎസ് സതേൺ കമാൻഡ് പുറത്തു വിട്ട വീഡിയോയിൽ സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന ബോട്ടിൽ വൻ സ്ഫോടനം ഉണ്ടാകുന്നതും പിന്നാലെ തീ ഉയരുന്നതും കാണാം. മയക്കുമരുന്ന് കടത്തു പാതയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടിനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.
എന്നാൽ ബോട്ടിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഒപ്പു വച്ച പുതിയ ഭീകരവിരുദ്ധ തന്ത്രത്തിന്‍റെ ഭാഗമായാണ് ലാറ്റിൻ അമെരിക്കൻ ജലപ്രദേശങ്ങളിലെ മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ സൈനിക നടപടികൾ ശക്തിപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ അർധഗോളത്തിലെ മയക്കുമരുന്നു സംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭരണകൂടത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ കിഴക്കൻ പസഫിക്കിലും കരീബിയൻ കടലിലും അമെരിക്ക നടത്തിയ സമാന ആക്രമണങ്ങളിൽ കുറഞ്ഞത് 193 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച ശേഷമാണ് ആക്രമണങ്ങൾ വ്യാപകമായത്. അമെരിക്കൻ ഭരണകൂടം ലാറ്റിൻ അമെരിക്കൻ രാജ്യങ്ങളോട് മയക്കുമരുന്നു സംഘങ്ങൾക്കെതിരേ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഈ ആക്രമണങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും രംഗത്തെത്തി. ആവശ്യമായ തെളിവുകൾ ഇല്ലാതെ നടത്തിയ ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര നിയമലംഘനവും നിയമവിരുദ്ധ കൊലപാതകവും ആണെന്ന വിമർശനവും ശക്തമാകുന്നു.