
പൂർണ നഗ്നരായി ഒരു ക്രൂസ് യാത്ര, ചെലവ് 43 ലക്ഷം രൂപ
മിയാമിയിൽ നിന്ന് ഫ്ലോറിഡയിലേക്ക് പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര. 43 ലക്ഷമാണ് യാത്രയ്ക്കുള്ള ചെലവ്. പക്ഷേ യാത്രയിലുടനീളം പൂർണനഗ്നരായിരിക്കണമെന്നു മാത്രം. എല്ലാ വർഷവും ഫെബ്രുവരിയിൽ ലോകത്തെല്ലാവരും വാലന്‍റൈൻസ് ഡേ ആഘോഷിക്കാനൊരുങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ നൂഡ് ക്രൂസ് സഞ്ചാരികളുമായി യാത്ര തുടങ്ങിയിട്ടുണ്ടാകും. യുഎസ് കമ്പനിയായ ബെയർ നെസെസിറ്റീസ് ആണ് ബിഗ് നൂഡ് ബോട്ട് എന്ന ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്. ആഡംബര നോർവീജിയൻ ക്രൂസിൽ പ്രകൃതിവാദികളായ യാത്രക്കാരുമായി ദ്വീപുകളിലേക്ക് യാത്ര ചെയ്യുക എന്നതാണ് ബിഗ് നൂഡ് ബോട്ടിന്‍റെ ലക്ഷ്യം. ലൈംഗികത എന്നതിൽ ഉപരി, ആത്മവിശ്വാസം, പോസിറ്റിവിറ്റി, ആശ്വാസം, ആധികാരികത എന്നിവയാക്കാണ് യാത്രയിൽ മുൻതൂക്കം നൽകുന്നതെന്ന് സംഘാടകർ പറയുന്നു. അപരന്‍റെ ശരീരത്തിന് ബഹുമാനം നൽകും വിധത്തിലുള്ള നിയമങ്ങളും ക്രൂസിലുണ്ട്.
അടുത്ത വർഷത്തെ യാത്ര ഫെബ്രുവരി 9 മുതൽ 20 വരെയാണ്. തീം നൈറ്റ്സ്, വർക്‌ഷോപ്സ്, പാർട്ടികൾ എന്നിവയെല്ലാം ക്രൂസിൽ ഒരുക്കും. 2026 ജൂലൈ 7 മുതൽ ജൂലൈ 26 വരെ മലാഗയിൽ നിന്ന് അസോഴ്സിലേക്കും യാത്ര ഒരുക്കുന്നുണ്ട്.
യാത്ര നഗ്നരായാണെങ്കിലും എല്ലാ സമയത്തും നഗ്നത അനുവദിച്ചു നൽകില്ല. തുറമുഖത്തോട് അടുക്കുന്ന സമയത്തെല്ലാം യാത്രക്കാർ നിർബന്ധമായും വസ്ത്രം ധരിച്ചിരിക്കണം. അതു പോലെ ഭക്ഷണ മുറിയിലെത്തുമ്പോഴും ക്യാപ്റ്റന്‍റെ റിസപ്ഷനിലെത്തുമ്പോഴും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും നിർബന്ധമായും വസ്ത്രം ധരിക്കണം.
നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ലോറുകൾക്കും അരികിൽ ഫോട്ടോ എടുക്കുന്നതിനു വിലക്കുള്ള ഏരിയകളുണ്ടായിരിക്കും. ഏതെങ്കിലും വിധത്തിൽ ആരെങ്കിലും മോശമായി പെരുമാറിയാലോ നിയമം ലംഘിച്ചാലോ തൊട്ടടുത്ത തുറമുഖത്തിൽ അവരെ ഇറക്കി വിടും.