

ബ്രിട്ടീഷ് ലേബർ പാർട്ടി എംപി താഹിർ അലിയുടെ ക്ഷമാപണം
ലണ്ടൻ: ഹമാസിനെപ്പോലെ ഇസ്രയേലിനെയും അതിക്രമങ്ങൾ കാരണം നിരായുധീകരിക്കണമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എംപി താഹിർ അലി. തിങ്കളാഴ്ചയാണ് പാർലമെന്‍റിൽ ഇയാൾ ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് ബുധനാഴ്ച ആ പരാമർശങ്ങൾക്ക് ക്ഷമാപണം നടത്താനും അലി മറന്നില്ല. എക്സിലെ തന്‍റെ വിവാദ പരാമർശങ്ങൾ പിൻവലിച്ച അലി പശ്ചിമേഷ്യയിൽ എവിടെയും താൻ സൈനിക നടപടിയെ പിന്തുണയ്ക്കുന്നില്ല എന്നു പറഞ്ഞു രംഗത്തെത്തി.
ഗാസയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെയാണ് ഹമാസിനെ നിരായുധീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ലിബറൽ ഡെമോക്രാറ്റിക് എംപി റിച്ചാർഡ് ഫോർഡ് പാർലമെന്‍റിൽ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തിയ അലി നിരായുധീകരണ വിഷയത്തിൽ, നടന്നിട്ടുള്ള അതിക്രമങ്ങൾ കണക്കിലെടുത്ത് ഇസ്രായേലിന്‍റെ നിരായുധീകരണത്തിനും നമ്മൾ ആഹ്വാനം ചെയ്യേണ്ടതല്ലേ എന്നും മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര മാർഗങ്ങൾ സംരക്ഷിക്കുന്നതിനും നടപടിയെടുക്കാൻ മുൻ യുകെ സർക്കാരുകൾ പശ്ചിമേഷ്യയിൽ ഇടപെട്ടിട്ടുണ്ടെന്നും ഇസ്രയേലിനെതിരേയും സൈനിക നടപടി സ്വീകരിക്കേണ്ട സമയമായില്ലേ എന്നും ചോദിച്ചു.
താഹിർ അലിയുടെ ഈ വിവാദ പരാമർശത്തോട് പ്രതികരിച്ച ഫോർഡ് ബ്രിട്ടൻ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹമാസിനെയും ഇസ്രയേൽ എന്ന രാജ്യത്തെയും തമ്മിൽ തുലനം ചെയ്യാനുള്ള ശ്രമത്തെ ശക്തമായി നിരസിച്ചു. യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്‍റെ പാർട്ടി അംഗമായ താഹിർ അലി കഴിഞ്ഞ വർഷവും ഇസ്രയേലിനെതിരേ പോരാടാൻ ബ്രിട്ടീഷ് സൈന്യത്തെ ഗാസയിലേയ്ക്ക് അയയ്ക്കണമെന്ന് നിർദേശിച്ചിരുന്നു.
2019 മുതൽ, ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബർമിംഗ്ഹാമിലെ ഒരു മണ്ഡലത്തിന്‍റെ എംപിയാണ് താഹിർ അലി. ഇസ്രയേലിനെതിരേ ബ്രിട്ടൻ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത എംപിയാണ് താഹിർ അലി. എന്നാൽ ബുധനാഴ്ച എക്സിലെ തന്‍റെ പോസ്റ്റിൽ
'തിങ്കളാഴ്ച പാർലമെന്‍റിൽ ഇസ്രയേലിനെതിരേ സൈനിക ബലപ്രയോഗത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഞാൻ തെറ്റായി ധാരണ നൽകി.അതൊന്നും എന്‍റെ കാഴ്ചപ്പാടുകളല്ല, ഞാൻ പൂർണ്ണമായി ക്ഷമ ചോദിക്കുന്നു. പശ്ചിമേഷ്യയിലെവിടെയും സൈനിക നടപടിയെ ഞാൻ പിന്തുണയ്ക്കുന്നില്ല, സമാധാനത്തിനും സംഘർഷ പരിഹാരത്തിനും വേണ്ടിയുള്ള പ്രചാരകനാണ് ഞാൻ. ” എന്ന് എഴുതി. എന്നാൽ എന്താണ് ഈ മാറ്റത്തിനു കാരണമെന്ന് വ്യക്തമല്ല.
എഡ് മിലിബാൻഡ്
ഇക്കഴിഞ്ഞയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളുമായുള്ള എല്ലാ ഇടപാടുകളും ബ്രിട്ടൻ നിരോധിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഇസ്രായേലും യുകെയും തമ്മിലുള്ള ബന്ധം വഷളായതും ഇസ്രയേൽ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചു പൂട്ടിയതും. ഈ സാഹചര്യത്തിലാണ് അലിയുടെ വിവാദ പരാമർശങ്ങൾ വന്നത്.
എഡ് മിലിബാൻഡ് വെസ്റ്റ് ബാങ്കിലെ കുടിയേറ്റ തീവ്രവാദികൾ നടത്തുന്ന പലസ്തീനികളുടെ വംശീയ ഉന്മൂലനം എന്ന് ഇസ്രയേലിനെതിരേ ആരോപണവുമായി എത്തിയതിനു പിന്നാലെ ക്യാനഡ, ഫ്രാൻസ് തുടങ്ങി പതിനൊന്നോളം രാജ്യങ്ങൾ ഇസ്രയേലിലെ വെസ്റ്റ് ബാങ്ക് കുടിയേറ്റക്കാർക്കെതിരേ രംഗത്തെത്തിയിരുന്നു.