മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവി‍യ

ബോളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തെത്തി. അറേബ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ചു
മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവി‍യ

ലാ പാസ്: ഗാസയിൽ ശക്തമായ ആക്രമണം തുടരുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി ബൊളീവിയ. ഇതിനു പുറമേ മറ്റ് കൊളംബിയയും ചിലെയും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷത്വ രഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ നടപടിയെന്ന് ബൊളിവിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയ്ക്ക് ആവശ്യമായ മാനുഷിക സഹായം നല്ഡകുമെന്നും ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ബൊളീവിയ പ്രസിഡൻസി മന്ത്രി മരിയ നെല പ്രദ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും പലസ്തീനികളുടെ കുടിയിറക്കലിനും ഈ ആക്രമണം കാരണമായെന്നും മരിയ നെല പ്രദ വ്യക്തമാക്കി.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബൊളീവിയ. നേരത്തെയും ഹമാസിനെതിരായ ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ബൊളീവിയ ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

അതേ സമയം, ബോളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തെത്തി. അറേബ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ചു. ബോളീവിയയുടെ നീക്കത്തിനെതിരേ ഇതുവരെ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

അതോടൊപ്പം, ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരേ ചിലെയും കൊളംബിയയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നയതന്ത്ര ഉദ്യോഗസ്ഥരേ തിരിച്ചു വിളിക്കുകയാണെന്നും കൊളംബിയ വ്യക്തമാക്കിയിരുന്നു. പലസ്തീൻ ജനതയ്ക്കു നേരെയുള്ള അക്രമങ്ങൾ നിർത്തിയില്ലെങ്കിൽ ഇസ്രയേലിൽ തുടരില്ലെന്നും കൊളംബിയ പ്രതികരിച്ചിരുന്നു.

മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നും ഐക്യരാഷ്ട്ര സംഘടന എത്രയും വേഗം ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്നും ചിലെ ആവശ്യപ്പെട്ടിരുന്നു. അറബ് രാജ്യങ്ങൾക്കു പുറത്ത് ഏറ്റവും അധികം പലസീനുകാരുള്ളത് ചിലെയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com