

അമെരിക്കൻ സമ്മർദ്ദത്തിനു മുന്നിൽ റഷ്യ തലകുനിക്കില്ല: പുടിൻ
file photo
മോസ്കോ: റഷ്യയിലെ രണ്ടു സുപ്രധാന എണ്ണക്കമ്പനികൾക്കെതിരെ അമെരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. അമെരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്‍റെയോ സമ്മർദ്ദത്തിനു മുമ്പിൽ റഷ്യ തലകുനിക്കില്ലെന്നും റഷ്യൻ മണ്ണിനെ ലക്ഷ്യമാക്കിയുള്ള ഏത് ആക്രമണത്തിനും ശക്തമായ മറുപടി ഉണ്ടാകുമെന്നും പുടിൻ പറഞ്ഞു.
ഈ ഉപരോധം യുഎസ്-റഷ്യൻ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അമെരിക്കൻ ഉപരോധം തികച്ചും പ്രതികൂലമാണെന്നും പുടിൻ പറഞ്ഞു. റഷ്യയുടെ വൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഉപരോധത്തിന്‍റെ ഭാഗമായി രണ്ട് എണ്ണ കമ്പനികളുടെയും അമെരിക്ക ആസ്ഥാനമായുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുകയും അമെരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും അവരുമായുള്ള ഇടപാടുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട് ട്രംപ് ഭരണകൂടം.
എന്നാൽ അമെരിക്കയുടെ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ വിലപ്പോവില്ലെന്നും റഷ്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാനുളള ഈ നീക്കം വിജയിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. കൂടാതെ ബുഡാപെസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന റഷ്യ-യുഎസ് ഉച്ചകോടി മാറ്റി വച്ചതായും പുടിൻ സ്ഥിരീകരിച്ചു.