
മരണത്തിനപ്പുറം കണ്ട ബ്രയാന പറയുന്നു, ''മരണം ഒരു മിഥ്യയാണ്!''
8 മിനിറ്റ് നേരത്തേക്ക് 'മരിച്ചതായി' പ്രഖ്യാപിക്കപ്പെട്ട യുവതി ബോധാവസ്ഥയുടെ മറുവശം എങ്ങനെയെന്ന് വെളിപ്പെടുത്തി. കൊളറാഡോ നിവാസിയായ ബ്രയാന ലാഫെർട്ടിയുടേതാണ് ഈ അവിശ്വസനീയ വെളിപ്പെടുത്തൽ. 33 വയസുകാരിയായ ബ്രയാനയ്ക്ക് 'മയോക്ലോണസ് ഡിസ്റ്റോണിയ' എന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥ ബാധിച്ചിരുന്നു. അനിയന്ത്രിതമായ പേശി വിറയലിനു കാരണമാകുകയും ശാരീരിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്ന ഈ അവസ്ഥ തുടരുന്നതിനിടെ ഒരു ദിനം അവൾ പെട്ടന്ന് തളർന്നു വീണു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്റ്റർമാർ, ബ്രയാനയുടെ ക്ലിനിക്കൽ ഡെത്ത് 'സ്ഥിരീകരിച്ചു'.
തന്നെ ഡോക്റ്റർമാർ മരിച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തന്‍റെ ബോധം (consciousness) തന്നോടൊപ്പം മരിച്ചിരുന്നില്ലെന്നാണ് ബ്രയാന പറയുന്നത്. തന്‍റെ നിർജീവമായ ശരീരത്തിനു മുകളിൽ താന്‍ 'പൊങ്ങിക്കിടക്കുകയും' സമയം നിലവിലില്ലാത്ത ഒരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. തന്നോട് ''തയാറാണോ?'' എന്ന് ചോദിക്കുന്ന ഒരു ശബ്ദം കേട്ടതായും പിന്നീട് എല്ലാം ഇരുട്ടായിരുന്നെന്നും ബ്രയാന പറയുന്നു.
Brianna Lafferty
"മരണം എന്നത് ഒരു മിഥ്യയാണ്. നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. കാരണം നമ്മുടെ ബോധം ജീവനോടെ തുടരുകയും രൂപാന്തരപ്പെടുകയുമാണ് ചെയ്യുന്നത്. എന്‍റെ ചിന്തകൾക്ക് മരണാനന്തര ജീവിതത്തിൽ തൽക്ഷണം രൂപം കിട്ടി. അവിടെ യഥാർഥത്തിൽ നമ്മുടെ ചിന്തകൾ തന്നെയാണ് രൂപപ്പെടുന്നതെന്ന് എന്നിക്കു മനസിലായി. ഞാന്‍ അവിടെ വീണ്ടും നടക്കാനും സംസാരിക്കാനും പഠിക്കേണ്ടി വന്നു. ആ തലത്തിൽ എനിക്കെന്‍റെ പൂർവ മനുഷ്യജന്മത്തെക്കുറിച്ച് ഓർമയില്ലാതായി. എന്‍റെ ഭൗതിക ശരീരത്തിൽ നിന്ന് എനിക്ക് പെട്ടെന്ന് വേർപിരിയേണ്ടി വന്നു'', ബ്രയാന വിശദീകരിക്കുന്നു.
"ആ തലത്തിൽ ഞാൻ പൂർണമായും നിശ്ചലയായിരുന്നുവെങ്കിലും എനിക്ക് പൂർണമായും ജീവനുള്ളതായി അവബോധമുണ്ടായിരുന്നു. ഒരു വേദനയുമില്ലാതെ, സമാധാനത്തിന്‍റെയും വ്യക്തതയുടെയും ഏറ്റവും ആഴത്തിലുള്ള ഒരു ബോധാവസ്ഥയിലായിരുന്നു ഞാന്‍. എന്‍റെ ശാരീരിക രൂപത്തിൽ നിന്നുള്ള ഈ വേർപിരിയൽ നമ്മുടെ മനുഷ്യാനുഭവം എത്ര താത്കാലികവും ദുർബലവുമാണെന്ന് എനിക്ക് മനസിലാക്കി തന്നു."
ആസ്ട്രൽ തലത്തിലായിരുന്ന സമയത്ത്, ഭൂമിയിലെ ജീവിതമല്ല അവസാനത്തേത് എന്ന് എനിക്ക് കണ്ടെത്താനായി. നമ്മളെക്കാൾ ഉയർന്ന ഒരു സാന്നിധ്യം, അല്ലെങ്കിൽ ഒരു ശക്തിയുണ്ട്. അത് അതിരുകളില്ലാത്ത സ്നേഹത്തോടെ നമ്മെ നയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. സമയം നിലവിലില്ലാത്തതുപോലെ എല്ലാം അവിടെ ഒരേസമയം എല്ലാം സംഭവിക്കുന്നു, എന്നിട്ടും അവയ്ക്കെല്ലാം പൂർണമായ ഒരു ക്രമം ഉണ്ടായിരുന്നു എന്നും ബ്രയാന കൂട്ടിച്ചേർക്കുന്നു.
മരിക്കുന്നതിനോട് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ മരണത്തോടടുത്ത ഈ അനുഭവം (Near death experience-NDE) എന്‍റെ ഭയമില്ലാതാക്കി. ഈ അനുഭവം എന്‍റെ ജീവിതത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ചു. എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ് എന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ബ്രയാന.