
യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് അപകീർത്തികരമായി പെരുമാറിയെന്ന ആരോപണത്തിന്മേലുളള സ്വതന്ത്ര അന്വേഷണത്തിൽ ഡൊമനിക് റാബ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അടുത്ത അനുയായി കൂടിയാണു ഡൊമനിക് റാബ്.
നേരത്തെയും ഡൊമനിക് റാബിന്‍റെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെന്‍റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു സീനിയർ ഉദ്യോഗസ്ഥർ വരെ പരാതി നൽകിയിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഡൊമനിക് റാബ് ഇതെല്ലാം നിഷേധിച്ചു. ഡൊമനിക് റാബിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു.