മടങ്ങിയെത്തിയതിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഹാരി രാജകുമാരൻ

പരിക്കേറ്റ സൈനികർക്കായി സംഘടിപ്പിച്ച ഇൻവിക്റ്റസ് ഗെയിംസിന്‍റെ ധനസമാഹരണ പരിപാടിയിലാണ് 42കാരനായ ഹാരി പങ്കെടുത്തത്.
Prince Harry takes selfie with injured veterans

പരിക്കേറ്റ മുന്‍ സൈനികര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഹാരി രാജകുമാരൻ

Updated on

ലണ്ടൻ: അമെരിക്കയിൽ നിന്നു കുടുംബസമേതം ബ്രിട്ടനിലേയ്ക്ക് അപ്രതീക്ഷിതമായി മടങ്ങിയെത്തിയതിനു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഹാരി രാജകുമാരൻ. പരിക്കേറ്റ സൈനികർക്കായി സംഘടിപ്പിച്ച ഇൻവിക്റ്റസ് ഗെയിംസിന്‍റെ ധനസമാഹരണ പരിപാടിയിലാണ് 42കാരനായ ഹാരി പങ്കെടുത്തത്.

ഭാര്യ മേഗനും രണ്ട് മക്കളുമൊത്ത് ഓഗസ്റ്റ് 26 നാണ് ഹാരി അമേരിക്കയില്‍ നിന്നും ബ്രിട്ടനിലെത്തിയത്. ഇതിന് ശേഷം ഇരുവരും പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കു കയായിരുന്നു. ലണ്ടനില്‍ നടന്ന ചടങ്ങില്‍ സൈനിക ബഹുമതികള്‍ പതിച്ച ജാക്കറ്റ് ധരിച്ചെത്തിയ ഹാരി, പരിക്കേറ്റ മുന്‍ സൈനികര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ചടങ്ങില്‍ മേഗന്‍ ഹാരിയോടൊപ്പം ഉണ്ടായിരുന്നില്ല.

കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആറു വർഷം മുമ്പാണ് ഭാര്യ മേഗനോടൊപ്പം ഹാരി ബ്രിട്ടൻ വിട്ട് കാലിഫോർണിയയിലേയ്ക്കു താമസം മാറിയത്. പിന്നീട് ഹാരി പ്രസിദ്ധീകരിച്ച ആത്മകഥയായ സ്പെയർ കുടുംബ ബന്ധങ്ങളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ ഇരുവരും ബ്രിട്ടനിലേയ്ക്ക് മടങ്ങിയെത്തിയതിന്‍റെ കാരണങ്ങളെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് ഉയരുന്നത്.

ഹാരിയുടെ മാതൃസഹോദരൻ ചാൾസ് സ്പെൻസർ , ആദ്യ ഭാര്യയായ ഡയാന രാജകുമാരിയോടുള്ള ചാൾസ് മൂന്നാമൻ രാജാവിന്‍റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് ഹാരിയുടെ പൊതു പരിപാടിയിലെ സാന്നിധ്യം. ഡെയ് ലി മെയിൽ പത്രത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന ആത്മകഥയിൽ 1996ൽ വാഹനാപകടത്തിൽ ഡയാന മരിച്ച രാത്രിയിൽ അന്നത്തെ ചാൾസ് രാജകുമാരൻ അസാധാരണമായ ആഹ്ലാദത്തിലായിരുന്നു എന്ന് സ്പെൻസർ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com