

മീനു ബത്രയുടെ മകൻ നിലവിൽ യുഎസ് സൈന്യത്തിൽ അംഗമാണ്.
file photo
അമെരിക്കയിൽ മൂന്നര ദശാബ്ദമായി താമസിച്ചു വരുന്ന ഇന്ത്യൻ വംശജ മീനു ബത്രയെ യുഎസ് എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ടെക്സസിലെ താമസ സ്ഥലത്തു നിന്നുമാണ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) ഉദ്യോഗസ്ഥർ മീനുവിനെ കസ്റ്റഡിയിൽ എടുത്തത്.
1984ലെ സിഖ് വിരുദ്ധ കലാപത്തെ തുടർന്ന് ഇന്ത്യ വിട്ട മീനു ഒരു അഭയാർഥിയായാണ് അമെരിക്കയിൽ എത്തിയത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അവർ അമെരിക്കയിലാണ് താമസം. മകൻ യുഎസ് സൈനികനായി സേവനം അനുഷ്ഠിക്കുന്നു. ഈ സാഹചര്യത്തിൽ മീനുവിനെതിരെ നടന്ന അറസ്റ്റിനെതിരേ വൻ തോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മനുഷ്യാവകാശ പ്രവർത്തകരുടെ ഇടയിലും നടക്കുന്നത്.
മീനു ബത്രയുടെ മകൻ നിലവിൽ യുഎസ് സൈന്യത്തിൽ അംഗമാണ്. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഒരാളുടെ കുടുംബത്തോട് അധികൃതർ ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന വാദമാണ് കുടുംബം ഉയർത്തുന്നത്. തടങ്കലിൽ കഴിയുന്ന സമയത്ത് ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് വളരെ മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്ന് മീനു ബത്ര ആരോപിക്കുന്നു.
ശാരീരികമായും മാനസികമായും താൻ പീഡിപ്പിക്കപ്പെട്ടതായി അവർ പറഞ്ഞു. മീനുവിനെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് എമിഗ്രേഷൻ വകുപ്പിന്റെ നീക്കം. എന്നാൽ ഇത് തടയാൻ നിയമപരമായ പോരാട്ടം നടത്തുകയാണ് കുടുംബം. മുപ്പത്തിയഞ്ചു വർഷം മുമ്പ് എമിഗ്രേഷൻ കോടതി നൽകിയ ചില പഴയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കൻ സൈന്യത്തിൽ മകൻ ജോലി ചെയ്തിട്ടും ഒരു സാധാരണ കുറ്റവാളിയെപ്പോലെയാണ് അമ്മയോട് അധികൃതർ പെരുമാറിയതെന്ന വാർത്ത സോഷ്യൽ മീഡിയയിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും വലിയ രോഷത്തിന് കാരണമായി. മീനു ബത്രയെ വിട്ടയക്കണമെന്നും നാടുകടത്തൽ നടപടികൾ നിർത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും സജീവമാണ്.