നൊബേൽ ജേതാവിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി; രാഷ്ട്രീയപ്രേരിതമെന്ന് വിമർശനം

തൊഴിൽ നിയമം ലംഘിച്ചുവെന്ന് തെളിഞ്ഞതിനെത്തുടർന്ന് ലേബർ കോടതിയാണ് യൂനുസ് അടക്കം നാലു പേർക്ക് തടവുശിക്ഷ വിധിച്ചത്
ഡോ. മുഹമ്മദ് യൂനുസ് കോടതിയിൽ
ഡോ. മുഹമ്മദ് യൂനുസ് കോടതിയിൽ

ധാക്ക: നൊബേൽ പുരസ്കാര ജേതാവും ബംഗ്ലാദേശിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസിനെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 6 മാസം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. ഗ്രാമീൺ ബാങ്ക് സ്ഥാപകനായ യൂനുസിന് ദാരിദ്ര്യത്തിനെതിരേയുള്ള പ്രചരണത്തെത്തുടർന്ന് 2006ലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പു അടുക്കുന്ന സാഹചര്യത്തിലാണ് 83 കാരനായ പുരസ്കാര ജേതാവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.

വിധിയിൽ രാഷ്ട്രീയ പ്രേരണയുള്ളതായി അദ്ദേഹത്തിന്‍റെ അനുയായികൾ ആരോപിച്ചു. യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ടെലികോം എന്ന കമ്പനിയിൽ തൊഴിലാളികൾക്കായി ക്ഷേമ ഫണ്ട് രൂപീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യൂനുസിനും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ മൂന്നു പേർക്കുമെതിരേ കേസെടുത്തത്. യൂനുസാണ് കമ്പനിയുടെ ചെയർമാൻ. വിചാരണയ്ക്കൊടുവിൽ ലേബർ കോടതി യൂനുസ് അടക്കം നാലു പേർക്ക് ആറു മാസത്തെ തടവു ശിക്ഷ വിധിക്കുകയായിരുന്നു. യൂനുസ് തൊഴിൽ നിയമം ലംഘിച്ചതായി തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. വിധി പ്രഖ്യാപിക്കുമ്പോൾ യൂനുസ് കോടതിയിലുണ്ടായിരുന്നു. നാലു പേരും 25,000 ടാക്ക വീതം പിഴയായി കെട്ടണമെന്നും പണം അടക്കാത്ത പക്ഷം 10 ദിവസം അധികം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ചതിനു പിന്നാലെ യൂനുസും സഹപ്രവർത്തകരും ജാമ്യത്തിന് അപേക്ഷിച്ചു. 5000 ടാക്കയുടെ ബോണ്ട് കൈമാറി ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നിയമപ്രകാരം കുറ്റവാളികളെന്ന് കണ്ടെത്തിയ നാലു പേർക്കും ബംഗ്ലാദേശിലെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

കേസ് തികച്ചും വ്യാജവും കഴമ്പില്ലാത്തതും സമൂഹത്തിനു മുന്നിൽ യൂനുസിനെ വ്യക്തിഹത്യ ചെയ്യാനും ഉദ്ദേശിച്ചുള്ളതാണെന്ന് യൂനുസിന്‍റെ വക്കീൽ ആരോപിക്കുന്നു. എന്നാൽ യൂനുസിനു എതിരേ തൊഴിൽ നിയമം ലംഘിച്ചതും പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2008ൽ‌ ഷെയ്ഖ് ഹസീന അധികാരത്തിൽ ഏറിയതിനു ശേഷം നിരവധി കേസുകളിൽ യൂനുസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2007ൽ താൻ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് യൂനുസ് പ്രഖ്യാപിച്ചിരുന്നു. അതാണ് യൂനുസ് ഹസീനയുടെ അപ്രീതിക്ക് പാത്രമാകാൻ കാരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ആ പ്രഖ്യാപനം യൂനുസ് നടപ്പിലാക്കിയില്ല. എന്നാൽ രാജ്യത്തെ രാഷ്ട്രീയപ്രവർത്തകരെ അദ്ദേഹം നിരന്തരം വിമർശിച്ചു കൊണ്ടിരുന്നു. 2011ൽ യൂനുസ് സ്ഥാപക മാനേജിങ് ഡയറക്റ്റർ ആയിരുന്ന ഗ്രാമീൺ ബാങ്കിന്‍റെ പ്രവർത്തനങ്ങൾ സർക്കാർ പരിശോധിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി തിരിമറികൾ നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യൂനുസിനെ പദവിയിൽ നിന്ന് പുറത്താക്കി. അതിനു ശേഷം നൊബേൽ പുരസ്കാരവും എഴുതിയ പുസ്തകത്തിന്‍റെ റോയൽറ്റിയും അടക്കം സർക്കാരിനെ അറിയിക്കാതെ പണം വാങ്ങിയെന്ന് ആരോപിച്ച് 2013ൽ വിചാരണ നടത്തിയിരുന്നു. രക്തമൂറ്റിക്കുടിക്കുന്നവൻ എന്നാണ് യൂനുസിനെ ഹസീന ആക്ഷേപിക്കുന്നത്. ഗുണ്ടകളെ ഉപയോഗിച്ചാണ് ഗ്രാമീൺ ബാങ്ക് നൽകിയ വായ്പകൾ യൂനുസ് തിരിച്ചു വാങ്ങുന്നതെന്നും ഹസീന ആരോപിച്ചിരുന്നു. യൂനുസിനെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യൂനുസിനെതിരേയുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആഗോളതലത്തിലുള്ള 170 നേതാക്കൾ ഒപ്പിട്ട തുറന്ന കത്ത് പ്രധാനമന്ത്രി ഹസീനയ്ക്ക് നൽകിയിരുന്നു. യുഎസ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ എന്നിവരെല്ലാം കത്തിൽ ഒപ്പിട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com