

പൗരാവകാശ പ്രവർത്തക ക്ലോഡെറ്റ് കോൾവിൻ
file photo
വാഷിങ്ടൺ: കറുത്ത വർഗക്കാരിയായ ക്ലോഡെറ്റ് കോൾവിൻ (86) അന്തരിച്ചു. വെള്ളക്കാർക്കു വേണ്ടി ബസിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അറസ്റ്റിലായി ശ്രദ്ധേയായ വനിതയാണ് ഇവർ. അന്ത്യം വരെ തന്‍റെ പൗരാവകാശ പ്രവർത്തനങ്ങൾ അവർ തുടർന്നു പോന്നു. ക്ലോഡെറ്റ് കോൾവിൻ ലെഗസി ഫൗണ്ടേഷൻ ചൊവ്വാഴ്ചയാണ് അവരുടെ മരണം പ്രഖ്യാപിച്ചത്. ടെക്സസിൽ വച്ചായിരുന്നു അന്ത്യമെന്നും ഫൗണ്ടേഷൻ സ്ഥിരീകരിച്ചു.
1955ലായിരുന്നു വിവാദമായ ആ അറസ്റ്റ്. മോണ്ടിഗോമറിയിൽ ബസിൽ യാത്ര ചെയ്യവേ വെള്ളക്കാർക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു ക്ലോഡെറ്റിനെ അറസ്റ്റ് ചെയ്തത്. അന്ന് അവർക്ക് വെറും 15 വയസ് മാത്രമായിരുന്നു പ്രായം. 1955 മാർച്ച് രണ്ടിന് മോണ്ടിഗോമറിയിൽ ക്ലോഡെറ്റും കറുത്ത വർഗക്കാരിയായ മറ്റൊരു പെൺകുട്ടിയും ബസിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ബസിൽ യാത്ര ചെയ്തിരുന്ന വെള്ളക്കാരിയായ ഒരു സ്ത്രീയ്ക്ക് സീറ്റ് നൽകണം എന്ന ആവശ്യം ഉയർന്നു.
ക്ലോഡിറ്റ് ഇതംഗീകരിച്ചില്ല. തുടർന്ന് ബസ് ഡ്രൈവർ പൊലീസിനെ അറിയിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. കേസ് കോടതിയിൽ എത്തിയപ്പോൾ വെറും 15 വയസ് മാത്രം ഉണ്ടായിരുന്ന ക്ലോഡിറ്റിന് അനുകൂലമായി കോടതി വിധിയുണ്ടായി. പൊതുഗതാഗതത്തിൽ കറുത്ത വംശജർക്ക് ആനുകൂല്യം ലഭിക്കുന്ന ഒരു നിർണായ കോടതി ഉത്തവിനു തന്നെ ക്ലോഡിറ്റിന്‍റെ ഈ ഇടപെടൽ സഹായകമായി.