
ട്രംപ് ഏകാധിപതി: പ്രതിഷേധവുമായി ഡെമോക്രാറ്റുകൾ
file photo
വാഷിങ്ടൺ: ഫെഡറൽ കെട്ടിടങ്ങളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കൂറ്റൻ ബാനറുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഡെമോക്രാറ്റിക് കോൺഗ്രസ് .നികുതി ദായകരുടെ പണം ഉപയോഗിച്ചുള്ള ഈ നീക്കം അധികാര ദുർവിനിയോഗമാണെന്ന് അവർ ആരോപിച്ചു. കാലിഫോർണിയ ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഈ ബാനറുകളെ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ ഓർമിപ്പിക്കുന്നു എന്നും ഇത് തികച്ചും അനുചിതവും ഏകാധിപത്യത്തിലേയ്ക്കുള്ള ചുവടു വെയ്പുമാണെന്നും ജോർജിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഹങ്ക് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപ് ഭരണകൂടം നികുതിദായകരുടെ പണം പ്രചരണങ്ങൾക്കായി ചെലവഴിക്കുന്നതായി ആദം ഷിഫിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ബാനറുകൾ സ്ഥാപിക്കാൻ 50,000 ഡോളറിലധികം ചെലവഴിച്ചതായും ഇതിൽ കാർഷിക വകുപ്പ് 16,400 ഡോളറും ആരോഗ്യ-മനുഷ്യ സേവന വകുപ്പ് 33,726 ഡോളറും തൊഴിൽ വകുപ്പ് 6000 ഡോളറും ചെലവഴിച്ചതായും ട്രംപ് ഭരണകൂടവുമായി അത്ര സ്വരച്ചേർച്ചയിലല്ലാത്ത ഷിഫിന്‍റെ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഈ റിപ്പോർട്ടിന് അപ്പുറത്ത് കൂടുതൽ വിവരങ്ങൾ നൽകാൻ ഈ ഓഫീസ് തയാറല്ല. മുൻ ഡെമോക്രാറ്റിക് ഭരണകൂടത്തിന്‍റെ കാലത്തും സമാനമായ പ്രചരണങ്ങൾ നടന്നിട്ടുണ്ടെന്നും ജോ ബൈഡന്‍റെ പേര് ഫെഡറൽ പ്രൊജക്റ്റുകളുടെ സൈൻ ബോർഡുകളിൽ വച്ചപ്പോൾ എന്തു കൊണ്ട് ഈ ആശങ്ക അന്നുണ്ടായില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാർ തിരിച്ചു ചോദിച്ചു.