Will give a heavy military response to Pakistan: Taliban

പാക്കിസ്ഥാനു കനത്ത സൈനിക തിരിച്ചടി നല്കും: താലിബാന്‍

file photo

പാക്കിസ്ഥാനു കനത്ത സൈനിക തിരിച്ചടി നല്കും: താലിബാന്‍

അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം
Published on

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം. അൽ അറബിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് പാക്കിസ്ഥാന് സൈനിക മറുപടി നൽകുമെന്ന് വ്യക്തമാക്കിയത്.

ഇതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. സൈനിക പ്രതികരണം ഉണ്ടാകുമെന്നും അതിന്‍റെ വിശദാംശങ്ങൾ പുറത്തു വിടില്ലെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ചെയ്ത നാണം കെട്ട പ്രവർത്തിക്ക് അവർക്ക് മറുപടി ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ നംഗർഹാർ, തെക്കുകിഴക്കൻ പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന ഇസ്ലാമബാദിന്‍റെ അവകാശവാദം താലിബാൻ പൂർണമായും തള്ളി.

അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം. തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏഴു ഭീകര ക്യാംപുകൾ തകർത്തതായി പാക് വാർത്താ വിനിമയ മന്ത്രി അത്യാവുല്ല തരാർ പറഞ്ഞു. റംസാൻ തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനിൽ നടന്ന വിവിധ ആക്രമണങ്ങൾക്ക് പിന്നിൽ ഈ കേന്ദ്രങ്ങളാണന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.

അഫ്ഗാൻ മണ്ണ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ ആവർത്തിച്ചു. പാക്കിസ്ഥാനിൽ എന്ത് ആക്രമണം നടന്നാലും തെളിവില്ലാതെ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നത് പതിവാണെന്നും അവർ പറഞ്ഞു. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായും അഞ്ചു പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് വെളിപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com