

സമാധാന കരാർ ലംഘിച്ചു; വീണ്ടും തമ്മിലടിച്ച് കംബോഡിയയും തായ്‌ലൻഡും, സംഘർഷം രൂക്ഷം
ബാങ്കോക്ക്: കംബോഡിയ- തായ്‌ലന്‍ഡ് അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാർ പിന്തള്ളിക്കൊണ്ടാണ് സംഘർഷം രൂക്ഷമായത്. കംബോഡിയയുടെ ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തായ്‌ലന്‍ഡ് വ്യോമാക്രമണം നടത്തി.
വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഇരു രാജ്യങ്ങളും രംഗത്തെത്തി. ഉബോന്‍ റാച്ചത്താനി പ്രവിശ്യയില്‍ കംബോഡിയന്‍ സൈന്യം തായ് സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ആരംഭിച്ചതെന്നാണ് തായ്‌ലന്‍ഡിന്റെ ആരോപണം. എന്നാല്‍ തായ്‌ലന്‍ഡിന്‍റെ വാദങ്ങള്‍ കംബോഡിയ തള്ളി. പ്രീഹ് വിഹാര്‍, ഓഡാര്‍ മീന്‍ചെ എന്നിവടങ്ങളിലെ അതിര്‍ത്തി പ്രവിശ്യകളില്‍ തായ് സൈന്യമാണ് ആദ്യം ആക്രമണം നടത്തിയതെന്നും കംബോഡിയ ആരോപിച്ചു.
കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതായി തായ്‌ലൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്.
തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‍ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് സംഘർഷം.