

യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി ക്യാനഡ
ഒട്ടാവ: ചൂടുപിടിക്കുന്ന ക്യാനഡ-യുഎസ് വ്യാപാരയുദ്ധത്തില്‍ യുഎസിന് പ്രഹരമേല്‍പ്പിക്കാന്‍ ക്യാനഡയും രംഗത്ത്. ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്കു മേല്‍ 15%, 25%, 50% എന്നിങ്ങനെ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നാണ് ക്യാനഡ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഉരുക്ക്, ക്ഷീരോത്പന്നങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രസാമഗ്രികള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ക്യാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം 50% തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റംബര്‍ 8ന് പ്രാബല്യത്തില്‍ വരുന്ന വിധം പുതിയ തീരുവകള്‍ ക്യാനഡ പ്രഖ്യാപിച്ചത്.
ക്യാനഡയുടെ പുതിയ തീരുവ വ്യാവസായിക ഉത്പന്നങ്ങള്‍ക്കപ്പുറം വ്യാപിച്ചുകിടക്കുന്നവയാണ്. സമുദ്രോത്പന്നങ്ങള്‍, ചീസ്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ടോയ്ലറ്റ് പേപ്പര്‍ എന്നിവയാണ് ഉയര്‍ന്ന തീരുവ ചുമത്തുന്ന ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നത്. ചില ഉത്പന്നങ്ങള്‍ക്ക് 50% വരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നും ക്യാനഡ അറിയിച്ചിട്ടുണ്ട്.
പള്‍പ്പ്, പേപ്പര്‍, ഇലക്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ 700-ലധികം ഉത്പന്നങ്ങളുടെ കാര്യത്തില്‍ അമെരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവ നിരക്കുകള്‍ക്ക് തുല്യമായ നിരക്കുകള്‍ ക്യാനഡയും നടപ്പിലാക്കും.