
ലണ്ടൻ: ഖാലിസ്ഥാൻവാദികളെച്ചൊല്ലിയുള്ള അഭിപ്രായ സംഘർഷത്തെത്തുടർന്ന് ഇന്ത്യയും ക്യാനഡയും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും വ്യാപാര ചർച്ച നിർത്തിവച്ചിരിക്കുകയുമാണ്. എന്നാൽ, ഈ വിഷയം ക്യാനഡ യുകെയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചയെ ഇതു ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ വക്താവ് അറിയിച്ചു.
സിഖ് വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ ക്യാനഡ പുറത്താക്കിയത്. ആരോപണം പാടേ നിരാകരിച്ച ഇന്ത്യ, ഇതിനു മറുപടിയായി തുല്യ റാങ്കിലുള്ള കനേഡിയൻ നയതന്ത്ര പ്രതിനിധിയോടും രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
''ഗുരുതരമായ ആരോപണങ്ങൾ'' സംബന്ധിച്ച് കനേഡിയൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, എന്നാൽ, അത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും വക്താവ് അറിയിച്ചു.
''വ്യാപാര കരാർ സംബന്ധിച്ച നടപടിക്രമങ്ങൾ തുടരുന്നതു പോലെ തന്നെ മുന്നോട്ടു പോകും. കനേഡിയൻ അധികൃതർ അവരുടെ ജോലി ചെയ്യും. അതിൽ ഞങ്ങൾ ഇടപെടില്ല'', അദ്ദേഹം വ്യക്തമാക്കി.
വ്യാപാര കരാറുള്ള രാജ്യങ്ങളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടായാൽ ആ രാജ്യത്തെ നേരിട്ട് അക്കാര്യം അറിയിക്കുന്നതാണ് ബ്രിട്ടന്‍റെ രീതി. നിലവിൽ ഇന്ത്യയുമായുള്ള ചർച്ചയെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.