
ന്യൂഡൽഹി: വിമാനം തകരാറിലായതിനെത്തുടർന്ന് രണ്ടു ദിവസം ന്യൂഡൽഹിയിൽ കുടുങ്ങിപ്പോയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്കു മടങ്ങി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
ട്രൂഡോയും സംഘവും വന്ന കനേഡിയൻ സർക്കാരിന്‍റെ എയർബസ് എസ്ഇ വിമാനത്തിനു സംഭവിച്ച സാങ്കേതിക തകരാർ പരിഹരിച്ച് അതേ വിമാനത്തിൽ തന്നെയാണ് തിരിച്ചുപോയിരിക്കുന്നത്.
രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ വരുന്ന പാളിച്ചയാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണമെന്ന് ക്യാനഡയിൽ വിമർശനം ഉയർന്നുകഴിഞ്ഞു.
1980കളിൽ നിർമിച്ച വിമാനമാണ് പ്രധാനമന്ത്രിയുടെ രാജ്യാന്തര യാത്രകൾക്ക് ഉപയോഗിച്ചുവരുന്നത്. 1990ലാണ് സർക്കാർ ഇതു വാങ്ങി മാറ്റം വരുത്തി ഉപയോഗിച്ചു തുടങ്ങിയത്.
ഏഷ്യൻ രാജ്യങ്ങളിലേക്കു വരുമ്പോൾ ഇടയ്ക്ക് ഇറങ്ങി ഇന്ധനം നിറയ്ക്കേണ്ട സാഹചര്യവുമുണ്ട്. ഇതിനായി അലാസ്കയിലോ ജപ്പാനിലോ ഇറങ്ങുകയാണ് പതിവ്.
ക്യാനഡയുടെ മുൻ പ്രധാനമന്ത്രി ജോങ് ക്രെറ്റ്യാൻ ഈ വിമാനത്തെ പറക്കുന്ന താജ് മഹലെന്നു വിളിക്കുകയും, ഇതിലുള്ള ഔദ്യോഗിക യാത്രകൾ ഒഴിവാക്കുകയും ചെയ്തിരുന്നു.