

പ്രതീകാത്മക ചിത്രം
ദുബായ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡ പതാക വഹിച്ച 'എംവി കേപ് ഡാവോ' എന്ന കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാന്‍ അധികൃതരുമായി ഏകോപനം നടത്തിവരികയാണെന്നും, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയും വൈപ്പറുമായ സൂരജ് യാദവാണ് മരിച്ചതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഒഫ് ഇന്ത്യ (എഫ്എസ്‌യുഐ) 'എക്‌സ്'ല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
കപ്പലില്‍ 20 ഇന്ത്യക്കാരുള്‍പ്പെടെ 28 ജീവനക്കാരുണ്ടായിരുന്നതായി എഫ്എസ്‌യുഐ അറിയിച്ചു. ഇന്ത്യന്‍ എംബസി സൂചിപ്പിച്ച 19 ഇന്ത്യന്‍ പൗരന്മാര്‍ എന്ന കണക്കില്‍ നിന്ന് വ്യത്യസ്തമാണ് ഈ സംഖ്യ.
എഫ്എസ്‌യുഐയുടെ റിപ്പോര്‍ട്ട് പ്രകാരം, മിന സാഖറില്‍ നിന്ന് ഒമാന്‍ വഴിയുള്ള യാത്രയ്ക്കിടെ കപ്പലിനു നേരെ രണ്ട് ടോര്‍പ്പിഡോ ആക്രമണങ്ങള്‍ ഉണ്ടായി. ഒന്ന് കപ്പലിന്‍റെ 'സി-ഡെക്ക്' ഭാഗത്തുള്ള താമസസ്ഥലത്തിന്‍റെ ഇടതുവശത്തും മറ്റൊന്ന് എന്‍ജിന്‍ റൂമിന് സമീപം കപ്പലിന്‍റെ ഇടതുവശത്തെ പുറംഭാഗത്തുമാണ് പതിച്ചത്.
കപ്പലിലെ ജീവനക്കാരെ റോയല്‍ നേവി ഒഫ് ഒമാന്‍ രക്ഷപ്പെടുത്തി. ജീവനക്കാര്‍ ഇപ്പോള്‍ ഒമാനിലെ സുരക്ഷിതരായി കഴിയുകയാണെന്ന് അറിയിച്ചു.