
3000 കാറുകളുമായി കപ്പൽ പസഫിക്കിൽ മുങ്ങി
ആങ്കറേജ് (അലാസ്ക): ചൈനയിൽ നിന്നു മെക്സിക്കോയിലേക്കു 3000 കാറുകളുമായി പോയ ചരക്കുകപ്പൽ വടക്കൻ പസഫിക് സമുദ്രത്തിൽ തീപിടിച്ചു മുങ്ങി. ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിന്‍റെ മോണിങ് മിഡാസ് എന്ന കപ്പലാണ് അലാസ്കയിലെ അല്യൂഷൻ ദ്വീപുകൾക്ക് സമീപം അന്താരാഷ്‌ട്ര കപ്പൽച്ചാലിൽ അപകടത്തിൽപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തീപിടിച്ച കപ്പലിൽ നിന്ന് 22 ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു.
തീപിടിച്ചതിനൊപ്പം മോശം കാലാവസ്ഥയും ചോർച്ചയും കൂടിയായതോടെ കപ്പൽ 16,404 അടി ആഴത്തിലേക്ക് (5000 മീറ്റർ) മുങ്ങുകയായിരുന്നെന്ന് കമ്പനി. കരയിൽ നിന്ന് 770 കിലോമീറ്റർ അകലെയാണു കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കാനായോ എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രദേശത്ത് മലിനീകരണമില്ലെന്നും അധികൃതർ പറഞ്ഞു.
മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള രണ്ടു രക്ഷാബോട്ടുകൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ ഉയർന്നുവന്നാൽ ഇവ നീക്കം ചെയ്യാനാണിതെന്ന് സോഡിയാക് മാരിടൈം. കഴിഞ്ഞ മൂന്നിനാണു കപ്പലിൽ തീപടർന്നത്. 70 കപ്പലിലുണ്ടായിരുന്ന വാഹനങ്ങളിൽ 70 എണ്ണം ഇലക്‌ട്രിക് വാഹനങ്ങളാണ്. 680 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. മേയ് 26ന് ചൈനയിലെ യന്തൈ തുറമുഖത്തു നിന്നു യാത്ര തിരിച്ചതാണ് ലൈബീരിയൻ പതാകയുള്ള കപ്പൽ. 2006ൽ നിർമിച്ച കപ്പലിന് 183 മീറ്ററാണു നീളം.