"നിദാൽ ഹസന്‍റെ വധശിക്ഷാ സംഘത്തിൽ കത്തോലിക്കാ സൈനികർ പ്രവർത്തിക്കരുത്": യുഎസ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ

യുഎസ് സൈന്യത്തിലെ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷപ്പാണ് ഇദ്ദേഹം
US Archbishop Timothy Broglio

യുഎസ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ

Updated on: 

കുറ്റവാളിയുടെ വധശിക്ഷ പൊതുജനങ്ങളെ തത്സമയം കാണിക്കുന്നത് എന്ത് പ്രയോജനമാണ് നല്‍കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ

വാഷിങ്ടണ്‍: നിദാല്‍ ഹസന്‍റെവധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെയുഎസ് സൈന്യത്തിലെ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രംഗത്ത്.

വധശിക്ഷ നടപ്പാക്കുന്ന യുഎസ് സൈന്യത്തിന്‍റെ ഫയറിങ് സ്‌ക്വാഡില്‍ നിയോഗിക്കപ്പെടുന്ന കത്തോലിക്കാ സൈനികര്‍ ആ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാണ് ഇത്തരം നടപടികളെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

Nidal Hassan

നിദാല്‍ ഹസന്‍

2009-ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക കേന്ദ്രത്തില്‍ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനിക മനോരോഗ വിദഗ്ധനാണ് നിദാല്‍ ഹസന്‍. ഡിസംബര്‍ മൂന്നിന് വെടിവെച്ചുള്ള വധശിക്ഷ നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ദേശത്തിനെതിരെ ബ്രോഗ്ലിയോയ്ക്കു പുറമേ മറ്റ് കത്തോലിക്കാ മെത്രാന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരായ സഭയുടെ നിലപാടും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഫോര്‍ട്ട് ഹുഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏമൈക്കല്‍ ഗ്രാന്‍റ്കാഹിലിന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് താന്‍ നേതൃത്വം നല്‍കിയ കാര്യം ബിഷപ്പ് ബ്രോഗ്ലിയോ പ്രസ്താവനയില്‍ അനുസ്മരിച്ചു. ഹസന്‍ നടത്തിയ കുറ്റകൃത്യം അത്യന്തം ക്രൂരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കുറ്റവാളിയുടെ വധശിക്ഷ പൊതുജനങ്ങളെ തത്സമയം കാണിക്കുന്നത് എന്ത് പ്രയോജനമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലോകമെമ്പാടും യുഎസ് സൈന്യത്തിന് പൊതുവേ നല്ല പ്രതിച്ഛായയാണുള്ളതെന്ന് ബ്രോഗ്ലിയോ ചൂണ്ടിക്കാട്ടി. വീല്‍ചെയറിലുള്ള ഒരാളുടെ വധശിക്ഷയുടെ ദൃശ്യങ്ങള്‍ ലോകമാകെ സംപ്രേഷണം ചെയ്ത് സൈന്യത്തെ ഭീകരവാദികളുടെ അതേ നിരയില്‍ നിര്‍ത്തേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വധശിക്ഷ നടപ്പാക്കുന്നതും അതിന്‍റെ ദൃശ്യങ്ങള്‍ പരസ്യമായി സംപ്രേഷണം ചെയ്യുന്നതും സൈന്യത്തിന്‍റെഅന്താരാഷ്ട്ര പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

വധശിക്ഷയുടെ ധാര്‍മികതയെക്കുറിച്ചും സൈനികരുടെ വ്യക്തിപരമായ വിശ്വാസവും ഔദ്യോഗിക ചുമതലയും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ് ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവന. വധശിക്ഷാ സംഘത്തില്‍ നിയോഗിക്കപ്പെടുന്ന കത്തോലിക്കാ സൈനികര്‍ ആ ചുമതലയില്‍നിന്ന് ഒഴിവാകാന്‍ ആവശ്യപ്പെടണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം വധശിക്ഷയ്‌ക്കെതിരായ സഭയുടെ നിലപാടിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com