

മസ്ക് ഇന്നിന്‍റെ തോമസ് എഡിസൺ: ട്രംപ്
വാഷിങ്ടൺ: സ്പേസ് എക്സ്-ടെസ് ല മേധാവി ഇലോൺ മസ്ക് ആധുനിക കാലത്തെ തോമസ് എഡിസൺ എന്ന പരാമർശം നടത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയുടെ പരമോന്നത ശാസ്ത്ര പുരസ്കാരമായ നാഷണൽ മെഡൽ ഒഫ് സയൻസ് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു ട്രംപ്. മസ്കിനെ ദേശീയ സമ്പത്ത് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കു ശേഷം ബന്ധം വീണ്ടും മെച്ചപ്പെടുന്നതിനിടെയാണ് ഈ പുരസ്കാര ദാനം.
വാഷിങ്ടണിൽ നടന്ന ‘സയന്‍സ്: എ ന്യൂ ഗോള്‍ഡന്‍ ഏജ്’ എന്ന പരിപാടിയില്‍ മസ്‌കിന് പുറമെ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, എഎംഡി മേധാവി ലിസ സു എന്നിവര്‍ക്കും നാഷണല്‍ മെഡല്‍ഒഫ് സയൻസ് സമ്മാനിച്ചു. കംപ്യൂട്ടർ രംഗത്തെ പ്രമുഖൻ മൈക്കൽ ഡെല്ലിനും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയ്ക്കും നാഷണൽ മെഡൽ ഒഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്കാരം ലഭിച്ചു. ട്രംപ് പങ്കെടുത്ത ചടങ്ങിൽ മസ്കിന് മെഡൽ അടങ്ങിയ പെട്ടി കൈമാറുകയും അഭിനന്ദിക്കുകയും ചെയ്തു.
2025ല്‍ വൈറ്റ് ഹൗസിന്‍റെ ചെലവുചുരുക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസിയിൽ നിന്നുള്ള മസ്കിന്‍റെ പിന്മാറ്റത്തെ തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ട്രംപ് ഭരണകൂടത്തിന്‍റെ നികുതിച്ചെലവ് ബില്ലിനെ മസ്ക് രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു മസ്ക്. മാസങ്ങളോളം വൈറ്റ് ഹൗസ് സമുച്ചയത്തിൽ പ്രവർത്തിക്കുകയും സർക്കാർ വകുപ്പുകളിലെ ചെലവുകൾ കുറയ്ക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ബന്ധം വഷളായ ഘട്ടത്തിൽ ട്രംപ് മസ്കിനെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രംപിനെതിരേ മസ്കും ആരോപണങ്ങളുന്നയിച്ചിരുന്നു.
എന്നാൽ സമീപ മാസങ്ങളിൽ ഇരുവരും വീണ്ടും അടുക്കുന്നതിന്‍റെ സൂചനകൾ പുറത്തു വന്നു. സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനായി ട്രംപ് ഒരുക്കിയ ഔദ്യോഗിക വിരുന്നിലും മസ്ക് പങ്കെടുത്തു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ നടന്ന നിർമിത ബുദ്ധി ചർച്ചകളിലും അദ്ദേഹം പങ്കെടുത്തു. എഐയുടെ സാധ്യതയുള്ള അപകടങ്ങൾ നേരിടാൻ സ്വയം നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് മസ്ക് ഉൾപ്പടെയുള്ള സാങ്കേതിക മേഖലയിലെ പ്രമുഖർ യോഗത്തിൽ ഉറപ്പു നൽകി.
എഐയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യങ്ങളോട് ട്രംപ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അമെരിക്കയുടെ സാമ്പത്തിക വളർച്ചയുടെ പുതിയ യുഗത്തിന് എഐ നിർണായകമാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. അതേസമയം എഐ എന്നതിനു പകരം സൂപ്പർ ഇന്‍റലിജൻസ് എന്ന പദം ഉപയോഗിക്കാത്തവരെ ശത്രുക്കൾ എന്നു വിശേഷിപ്പിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചടങ്ങിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെ്കനോളജിയിലെ (എംഐടി) പ്രൊഫസറായിരുന്ന തന്‍റെ അന്തരിച്ച അമ്മാവൻ ജോൺ ട്രംപിന് മരണാനന്തരമായി ലഭിച്ച നാഷണൽ മെഡൽ ഒഫ് സയൻസ് അവാർഡ് ട്രംപിന് കൈമാറി. 1983ൽ അന്തരിച്ച തന്‍റെ അമ്മാവനിൽ നിന്ന് തനിക്ക് ഉയർന്ന ബുദ്ധിശക്തി പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്.