
ദുബായ്: യുഎഇയിലെ വ്യക്തി നിയമത്തിൽ മാറ്റങ്ങൾ വരുന്നു. രക്ഷിതാക്കളുടെയോ കോടതിയുടെയോ അനുമതിയില്ലാതെ പ്രായപൂർത്തിയാകാത്തവരുമായി അനധികൃത യാത്ര നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ ലഭിക്കുക. കൂടാതെ, മാതാപിതാക്കളെ ഉപദ്രവിക്കുകയോ അവഗണിക്കുകയോ അവരെ സംരക്ഷിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പിഴ ശിക്ഷ ലഭിക്കും.
പ്രായപൂർത്തിയാകാത്തവരെയും പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കുന്നതിനായി തയാറാക്കിയ ഈ നിയമം ഏപ്രിൽ 15ന് പ്രാബല്യത്തിൽ വരും. പ്രായപൂർത്തിയാകാത്തവരുടെ സമ്പാദ്യം ദുരുപയോഗം ചെയ്യുകയോ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് നിയമം അനുശാസിക്കുന്നു. കോടതി ആവശ്യപ്പെടുമ്പോൾ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിൽ വിമുഖത കാണിക്കുന്നവരും ഈ ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും.
സ്വത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന് മാതാപിതാക്കൾ, അവകാശികളാണോ എന്നത് പരിഗണിക്കാതെ മറച്ചുവെക്കുകയോ, നശിപ്പിക്കുകയോ, വഞ്ചനാപരമായ രീതിയിൽ പിടിച്ചെടുക്കുകയോ ചെയ്യുന്ന വ്യക്തികൾ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിയമം മുന്നറിയിപ്പ് നൽകുന്നു.
നിയമലംഘകർക്ക് തടവും 5,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കാൻ ഇടയുണ്ട്.
കുടുംബ അനുരഞ്ജന കേന്ദ്രങ്ങൾ വഴി കേസുകൾ വേഗത്തിലാക്കാനുള്ള വിവേചനാധികാരം ജഡ്ജിമാർക്ക് നൽകുകയും വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആയി നിശ്ചയിക്കുകയും ചെയ്യുന്നതാണ് മറ്റ് ശ്രദ്ധേയമായ ഭേദഗതികൾ.
മറ്റ് പ്രധാന വ്യവസ്ഥകൾ
വിവാഹനിശ്ചയം തകർന്നാൽ സമ്മാനങ്ങളും സ്ത്രീധനവും തിരികെ നൽകണം.
സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള അനുയോജ്യമായ പങ്കാളിയെ വിവാഹം കഴിക്കാനുള്ള അവകാശം അനുവദിക്കുന്നു,
വിവാഹ ഉടമ്പടികളുമായി ബന്ധപ്പെട്ട അസാധുവാക്കൽ വ്യവഹാരൾ കാര്യക്ഷമമാക്കുന്നതിന്, ആർബിട്രേഷൻ കാലയളവ് 90 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറയ്ക്കുകയും അതിനുശേഷം വിധി പുറപ്പെടുവിക്കുകയും ചെയ്യും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാതാപിതാക്കളുടെ രക്ഷാകർതൃത്വം അവസാനിക്കുന്ന പ്രായം 18 വയസ്സായി ഉയർത്തി. നേരത്തെ ഇത് ആൺകുട്ടികൾക്ക് 11 വയസ്സും പെൺകുട്ടികൾക്ക് 13 വയസ്സുമായിരുന്നു.
മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തിലുള്ള കുട്ടികൾക്ക് 15 വയസ്സ് തികയുമ്പോൾ ഏത് രക്ഷിതാവിനൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം പുതിയ വ്യവസ്ഥ അനുവദിക്കുന്നു.
നിയമം അമുസ്‌ലിം അമ്മമാരുടെ സംരക്ഷകരെന്ന നിലയിലുള്ള അവകാശങ്ങളെ പുനർനിർവചിക്കുന്നു.
കുട്ടിയുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി രക്ഷാകർതൃത്വ തീരുമാനങ്ങൾ എടുക്കാനുള്ള വിവേചനാധികാരം കോടതികൾക്ക് നൽകുന്നു.
മുൻ നിയമത്തിൽ ഉണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച് കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ മുസ്‌ലിം ഇതര അമ്മയുടെ സംരക്ഷണം അവസാനിക്കുമായിരുന്നു.