
ചാര്‍ളി കിര്‍ക്ക്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉറ്റ അനുയായിയും ആക്റ്റിവിസ്റ്റുമായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചതായി സംശയിക്കുന്ന പ്രതി 22കാരനായ ടെയ്‌ലര്‍ റോബിന്‍സണാണെന്ന് തിരിച്ചറിഞ്ഞതായി ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വെള്ളിയാഴ്ച അറിയിച്ചു.
ഹൈസ്‌കൂള്‍, കോളെജ് ക്യാംപസുകളില്‍ യാഥാസ്ഥിതിക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ടേണിങ് പോയിന്‍റ് യുഎസ്എയുടെ നേതാവായ ചാര്‍ളി കിര്‍ക്ക് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ 3,000ത്തിലധികം വരുന്ന ജനക്കൂട്ടത്തെ ബുധനാഴ്ച അഭിസംബോധന ചെയ്യുന്നതിനിടെയാണു കഴുത്തില്‍ വെടിയേറ്റ് മരിച്ചത്.
'33 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പ്രതിയെ പിടികൂടി. മാധ്യമങ്ങളും പൊതുജനങ്ങളും ഇല്ലായിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ലെന്ന് ' എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ടെയ്‌ലര്‍ റോബിന്‍സണിനെ പിടികൂടിയത്. കിര്‍ക്കിന്‍റെ കൊലപാതകിയെ കസ്റ്റഡിയിലെടുത്തതിന് അന്വേഷണ ഉദ്യോഗസ്ഥരെ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് പ്രശംസിച്ചു.
കിര്‍ക്കിനു വെടിയേറ്റ സംഭവ സ്ഥലത്തുനിന്നുള്ള നിരീക്ഷണ ചിത്രങ്ങളില്‍ കോളെജ് വിദ്യാര്‍ഥിയുടെ പ്രായം വരുന്നൊരാള്‍ ഓടിപോകുന്നതിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. പ്രതിയെ പിടികൂടുന്നതിനു മുന്‍പു 7000ലധികം ടിപ്‌സ് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.