
കറാച്ചി: അറബിക്കടലിൽ കറാച്ചി തീരം കേന്ദ്രീകരിച്ച് ചൈനയും പാക്കിസ്ഥാനും ചേർന്ന് ഒരാഴ്ച നീളുന്ന നാവികാഭ്യാസവും സംയുക്ത പട്രോളിങ്ങും തുടങ്ങി. ഇരുരാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം ഇതു മൂന്നാം തവണയാണ്. എന്നാൽ സംയുക്ത പട്രോളിങ് ഇതാദ്യം. സീ ഗാർഡിയൻസ് 3 എന്ന പേരിൽ ശനിയാഴ്ചയാണു നാവികാഭ്യാസം തുടങ്ങിയത്. ചൈനയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പങ്കെടുക്കുന്ന പരിപാടിയെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും സൈന്യവും ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.
സമുദ്ര സുരക്ഷാ ഭീഷണികൾക്കെതിരേ സംയുക്ത പ്രതികരണമെന്നതാണ് സീ ഗാർഡിയൻസ് 3ന്‍റെ ആശയം. യുദ്ധവിമാനങ്ങളിൽ ഹെലികോപ്റ്ററുകൾ ഇറക്കുക, പരിശോധന, രക്ഷാ പ്രവർത്തനം, അന്തർവാഹിനി വിരുദ്ധ നീക്കങ്ങൾ തുടങ്ങിയവയാണ് നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.