
ചൈനീസ് ചാരബലൂണ്‍ അമെരിക്ക വെടിവച്ചിട്ടിട്ട് ഒരാഴ്ച തികയുന്നതേയുളളൂ. അതിനുശേഷം 'പറന്നു നടക്കുന്ന' പ്രശ്‌നങ്ങള്‍ നിരവധി അഭിമുഖീകരിച്ചു അമെരിക്ക. അതിര്‍ത്തി കടന്നു പറന്നെത്തുന്ന വസ്തുക്കളെ വെടിയുതിര്‍ത്തു വീഴ്ത്തുന്നതു പതിവായപ്പോള്‍ പ്രതികരണവുമായി ചൈനയുമെത്തുന്നു.
മറ്റു രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് അമെരിക്കയ്ക്കു പുതുമയല്ലെന്നും, കഴിഞ്ഞവര്‍ഷം മാത്രം അമെരിക്ക പറത്തിവിട്ട പത്ത് ബലൂണുകള്‍ ചൈനയുടെ വ്യോമമേഖലയില്‍ പ്രവേശിച്ചുവെന്നും ചൈന പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്നാണു ആരോപണവുമായി രംഗത്തെത്തിയത്. അമെരിക്ക വ്യോമാതിര്‍ത്തി ലംഘിച്ചതിന്‍റെ കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ടെന്നും ചൈന വ്യക്തമാക്കി.
ചൈനയുടെ അനുവാദമില്ലാതെയാണ് അമെരിക്കയുടെ ബലൂണുകള്‍ പറന്നതെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാല്‍ അമെരിക്കയില്‍ പറന്നതു ചാരബലൂണ്‍ ആയിരുന്നില്ലെന്നും, കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതായിരുന്നു എന്നുമാണ് ചൈനയുടെ അവകാശവാദം. ബലൂണ്‍ വെടിവച്ചിട്ടത് അമെരിക്കയുടെ അമിത ആവേശമാണ് വ്യക്തമാക്കുന്നതെന്നും ചൈന പറഞ്ഞു.