

പാക്കിസ്ഥാനു പിന്തുണയുമായി ചൈന
Representative image
ബീജിങ്: പഹൽഗാം ഭീകരാക്രമണത്തത്തെത്തുടർന്നുള്ള സംഘർഷത്തിനിടെ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. ആക്രമണത്തെക്കുറിച്ചു വേഗത്തിലും നീതിപൂർവവുമായ അന്വേഷണം വേണമെന്നു പറഞ്ഞ ചൈന സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ചൂട് തണുപ്പിക്കാനുള്ള എല്ലാ നടപടികളെയും ചൈന സഹായിക്കുമെന്നു വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ.
ചൈനയും റഷ്യയും അന്വേഷണത്തിന്‍റെ ഭാഗമാകണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളോട് പ്രതികരിക്കാൻ ജിയാകുൻ തയാറായില്ല. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തെ പാക്കിസ്ഥാൻ സഹായിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ജിയാകുൻ ഒഴിഞ്ഞുമാറി.
ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും അയൽക്കാരെന്ന നിലയിൽ ഇരുരാഷ്‌ട്രങ്ങളും സംയമനം പാലിക്കുകയും ഒരേ ദിശയിൽ പ്രവർത്തിക്കുകയും ചെയ്യണമെന്നാണു ചൈനയുടെ നിലപാട്. ദക്ഷിണേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ അതാവശ്യമാണ്. പഹൽഗാമിലുണ്ടായ ക്രൂരമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ചൈന.
നേരത്തേ, പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഫോണിൽ വിളിച്ച് പിന്തുണ തേടിയിരുന്നു. പാക്കിസ്ഥാൻ തങ്ങളുടെ എക്കാലത്തെയും സുഹൃത്താണെന്നും പരമാധികാരവും അഖണ്ഡതയും ഉറപ്പാക്കാൻ പിന്തുണയ്ക്കുമെന്നും വാങ് യി പറഞ്ഞതായി ചൈനീസ് ഭരണകൂടത്തിന്‍റെ മുഖപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.