

കോണ്ടത്തിന് നികുതി പ്രഖ്യാപിച്ച് ചൈന; ജനനനിരക്ക് ഉയർത്താനായാണ് നീക്കം
ബീജിങ്: ജനനനിരക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി കോണ്ടം ഉൾപ്പെടെയുളഅള ഗർഭനിരോധന മാർഗങ്ങൾക്ക് ടാക്സ് പ്രഖ്യാപിച്ച് ചൈന. മുപ്പത് വർഷങ്ങൾക്കിടെ ഇതാദ്യമാണ് ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 13 ശതമാനം മൂല്യവർധിത നികുതിയാണ് ഗർഭനിരോധന മരുന്നുകൾക്ക് ഉൾപ്പെടെ ചുമത്തുന്നത്. ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും.
കോണ്ടത്തിന് വില കൂടിയാൽ ആസൂത്രിതമല്ലാത്ത ഗർഭം വർധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതു പോലെ തന്നെ ലൈംഗിക രോഗങ്ങൾ വർധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. പുതിയ നികുതിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ശക്തമാണ്. എന്തു തന്നെയായാലും കോണ്ടം വാങ്ങുന്നതിനേക്കാൾ ചെലവ് കൂടുതലാണ് കുട്ടികളെ വളർത്തുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.
2015 വരെയും ഒറ്റക്കുട്ടി നയമാണ് ചൈന പിന്തുടർനനു വന്നിരുന്നത്. അല്ലാത്ത പക്ഷം വലിയ പിഴയാണ് പലരും അടയ്ക്കേണ്ടി വന്നിരുന്നത്. പലരും ഗർഭഛിദ്രത്തിന് നിർബന്ധിതരായ സാഹചര്യവുണ്ടായിരുന്നു. കൂടുതൽ ആയി പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വം പോലും നൽകിയിരുന്നില്ല. 2015ൽ ഈ നിയമത്തിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു. രണ്ടു കുട്ടികൾ വരെ ആകാമെന്നായി. ചൈനയുടെ ജനസംഖ്യ വൻതോതിൽ കുറഞ്ഞതോടെയാണ് നയത്തിൽ ഇളവ് പ്രഖ്യാപിച്ചത്. 2021ൽ മൂന്നു കുട്ടികൾ ആകാമെന്നായി നിയമം. അപ്പോഴും ഗർഭനിരോധന മാർഗങ്ങൾ സൗജന്യമായി ചൈനയിൽ ലഭ്യമായിരുന്നു.