ചൈനീസ് പ്രതിരോധ മന്ത്രിയെ കാണാനില്ല..??; വീട്ടുതടങ്കലിലെന്ന് സൂചന

പ്രതികരിക്കാതെ ചൈനീസ് ഭരണകൂടം
Li Shangfu
Li Shangfu

ബീജിങ്: മൂന്നാഴ്ചയിലേറെയായി പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷങ്ഫു വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. ഷങ്ഫു അന്വേഷണം നേരിടുകയാണെന്നും ഇദ്ദേഹത്തെ മന്ത്രിയുടെ ചുമതലയിൽ നിന്നു നീക്കിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ചൈനീസ് ഭരണകൂടം വാർത്തകളോടു പ്രതികരിച്ചിട്ടില്ല.

ഓഗസ്റ്റ് 29നാണു ഷങ്ഫുവിനെ അവസാനമായി ബീജിങ്ങിലെ പൊതുപരിപാടിയിൽ കണ്ടത്. അന്ന് ആഫ്രിക്കൻ രാജ്യങ്ങളുമായി സുരക്ഷ സംബന്ധിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു അറിവും ആർക്കുമില്ല. അടുത്തിടെ വിയറ്റ്നാം, സിംഗപ്പുർ പ്രതിരോധ മന്ത്രിമാരുമായി നടന്ന ചർച്ചയിലും ഷങ്ഫുവിനെ കണ്ടില്ല.

നേരത്തേ, വിദേശകാര്യ മന്ത്രി ചിൻ ഗാങ്ങിനെയും റോക്കറ്റ് സേനാ കമാൻഡറെയും സമാനമായ സാഹചര്യങ്ങളിൽ കാണാതായിരുന്നു. ഒരുകാലത്ത് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ വിശ്വസ്തനായിരുന്ന ചിൻ ഗാങ്ങിനെ വിദേശകാര്യ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയെന്ന വാർത്തയാണ് പിന്നീട് കേട്ടത്. കഴിഞ്ഞ മാർച്ചിലാണു ലി പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. അതിനു മുൻപ് സൈനിക സംഭരണ യൂണിറ്റിന്‍റെ തലവനായിരുന്നു. 2017 മുതൽ നടത്തിയ ക്രയവിക്രയങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ ജൂലൈയിൽ സൈനിക സംഭരണ യൂണിറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ലേലപ്രക്രിയ ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണിതെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഇതിനുശേഷമാണു ലി ഷങ്ഫു അപ്രത്യക്ഷനായതെന്നതും ശ്രദ്ധേയം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com