
യുവതിക്ക് കുത്തിയത് 22 തവണ; പക്ഷേ രക്ഷയായത് ഒരു ഇംപ്ലാന്‍റ്!!
തെക്കുകിഴക്കൻ ചൈനയിൽ നടന്ന ക്രൂര ആക്രമണത്തിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലെ ദി മിക്‌സ്‌സി മാളിന്‍റെ പാർക്കിങ്ങിൽ മാ എന്ന യുവതി തന്‍റെ കാറിലേക്ക് കയറുന്നതിനിടൊണ് ആക്രമണമുണ്ടാവുന്നത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലമായി മുൻ സീറ്റിലേക്ക് കയറിയിരുന്നതായി മാ പറഞ്ഞു.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ നിയന്ത്രണം കൈവശപ്പെടുത്തിയ ഇയാൾ 70 കിലോമീറ്റർ അപ്പുറമുള്ള ടോങ്‌സിയാങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ, യുവതിയുടെ അക്കൗണ്ടിൽ നിന്നു പണം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ ഇല്ലാതിരുന്നതിനാൽ യുവതിയോട് സുഹൃത്തുകളിൽ നിന്നു പണം വാങ്ങാനും നിർബന്ധിച്ചു.
എന്നാൽ ഇതിനിടെ യുവതി തന്‍റെ കൂട്ടുകാരന് മെസേജ് അയച്ച് വിവരമറിയിച്ചു. ഉടനെ അവളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി യുവതിയെ 22 തവണ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ സ്വയം കുത്തി ആത്മഹത്യയും ചെയ്തു.
പൊലീസ് ഉടനെ മായെ ആശുപത്രിയിൽ എത്തിച്ചു. 22 കുത്തുകൾ യുവതിക്ക് ഏൽക്കേണ്ടിവന്നെങ്കിലും നെഞ്ചിലേറ്റ ഗുരുതരമായ മുറിവുകൾ മിക്കതും യുവതിയുടെ സ്തന ഇംപ്ലാന്‍റുകൾ തടഞ്ഞുവെന്നും, ശ്വാസകോശത്തിലേക്കെത്തിയ ഒറ്റ മുറിവു മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി. "ബ്രെസ്റ്റ് ഇംപ്ലാന്‍റുകൾക്ക് ഒരു ജീവൻ രക്ഷിക്കുന്ന അളവിൽ ഉപയോഗമുണ്ടാകും എന്ന് ആരാണ് കരുതിയത്? ആ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിനു നന്ദി അറിയിക്കണം; ഇത് നോവലുകളിൽ മാത്രം നടക്കുന്ന നാടകീയമായ ഒരു കഥപോല തോനുന്നു; സ്ത്രീകൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം സജീവമായി ഇടപെടണം” എന്നെല്ലാം ആളുകൾ ഓൺലൈനിൽ എഴുതി.