
ലുബെറോ (കോംഗോ): കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിൽ (എഡിഎഫ്) നിന്നുള്ള ചില തീവ്രവാദികൾ ലുബെറോ പ്രദേശത്തെ മെയ്ബയിലെ വീടുകളിൽ കടന്നാക്രമണം നടത്തിയത്. ശബ്ദിച്ചു പോകരുത്, പുറത്തു കടക്കൂ എന്ന അവരുടെ ആക്രോശം കേട്ടു ഭയന്ന് പുറത്തു വന്ന ഇരുപതു ക്രിസ്ത്യൻ പുരുഷന്മാരെയും സ്ത്രീകളെയും ആദ്യം അവർ പിടിച്ചു കൊണ്ടു പോയി.
ഈ സംഭവത്തിൽ ഞെട്ടിപ്പോയ മെയ്ബയിലെ പ്രാദേശിക സമൂഹത്തിലെ ആളുകൾ തങ്ങളുടെ തടവിലാക്കപ്പെട്ട സഹോദരങ്ങളെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടെ വീണ്ടും എഡിഎഫ് തീവ്രവാദികൾ ഗ്രാമം വളയുകയും 50 വിശ്വാസികളെ കൂടി പിടി കൂടി തടങ്കലിലാക്കുകയും ചെയ്തു.
കസാംഗയിലെ ഒരു പ്രൊട്ടസ്റ്റന്‍റ് പള്ളിയിലേയ്ക്ക് കടത്തപ്പെട്ട ഈ 70 പേരും ദിവസങ്ങൾ നീണ്ട അതിക്രൂരമായ പീഡനമുറകൾക്കു ശേഷം നീചമായി കൊല ചെയ്യപ്പെടുകയായിരുന്നു. തീവ്രവാദികൾ പ്രദേശത്തു സൃഷ്ടിച്ച ഭീകരാന്തരീക്ഷം കാരണം ഫെബ്രുവരി 18 വരെ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്കരിക്കാൻ പോലും തദ്ദേശവാസികൾക്ക് സാധിച്ചിരുന്നില്ല. ഇരകളെ ദിവസങ്ങളോളം ബന്ദികളാക്കിയ ശേഷം കെട്ടിയിട്ട് വടിവാളുകൾ ഉപയോഗിച്ച് അതിക്രൂരമായി തലയറുത്താണ് കൊലപ്പെടുത്തിയതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
അതി ക്രൂരമായ ഭീകരാന്തരീക്ഷം കാരണം മേഖലയിലെ പള്ളികളും ക്രൈസ്തവ മാനെജ്മെന്‍റുകളുടെ നേതൃത്വത്തിലുള്ള സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ് എന്ന് കോംബോ പ്രൈമറി സ്കൂൾ ഡയറക്റ്റർ മുഹിന്ദോ മുസുൻസി ഓപ്പൺ ഡോറിനോട് വെളിപ്പെടുത്തി.
കോംഗോയിൽ ഭീകരാക്രമണത്തിൽ 350,000-ത്തിലധികം ആളുകൾക്ക് അഭയം നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു.