
ദോഹയിലെ പാളിപ്പോയ ഇസ്രയേൽ ആക്രമണം
getty images
ഗാസയിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയെയും ബെയ്റൂട്ട് ദാഹിയയിലെ ഭൂഗർഭ ബങ്കറിലേയ്ക്ക് മിസൈലയച്ചും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ തെഹ്റാനിലെ മിലിറ്ററി കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ വച്ചും ഉന്മൂലനം ചെയ്ത ഇസ്രയേലിന് ഖത്തറിൽ വിജയിക്കാനായില്ല. ആഴ്ചകളോളം നീണ്ട ആസൂത്രണത്തിനും മണിക്കൂറുകളോളം നീണ്ട ദൗത്യത്തിനും ശേഷം ദോഹയിലേയ്ക്കു പറന്നെത്തിയ ഇസ്രയേലി യുദ്ധ വിമാനങ്ങൾക്ക് ലക്ഷ്യം കണ്ടെത്താനായില്ല. അവസാനം അവർക്ക് ഖത്തറിന്‍റെ മണ്ണു വിട്ടു തിരിച്ചു പോകേണ്ടി വന്നു.
ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നേരിട്ടുള്ള മേൽ നോട്ടത്തിലായിരുന്നു ഖത്തർ ഓപ്പറേഷൻ. ജെറ്റുകൾ മടങ്ങി വരുന്നതു വരെ ഖത്തർ ദൗത്യം വിജയിച്ചെന്ന വിശ്വാസത്തിലായിരുന്നു ഇസ്രയേൽ. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പോലും ആദ്യം അത്യസാധാരണമായ ഓപ്പറേഷൻ എന്നാണ് പ്രശംസിച്ചത്. എന്നാൽ യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ അദ്ദേഹം പോസ്റ്റ് തിരുത്തി.
ദോഹ സുരക്ഷിതമാണെന്ന ധാരണയുള്ളപ്പോഴും ഹമാസ് ഭീകര നേതൃത്വം സുരക്ഷയ്ക്കായി പാലിക്കുന്ന ചില പ്രോട്ടോക്കോളുകളാണ് അവരുടെ ജീവൻ രക്ഷിച്ചത്. യോഗത്തിന് എല്ലാവരും ഒരു കെട്ടിടത്തിൽ ഒത്തു കൂടിയ ശേഷം അവസാന നിമിഷം സമീപത്തെ മറ്റൊരു കെട്ടിടത്തിലേയ്ക്കു മാറുന്നു. ഇസ്രയേൽ ഓപ്പറേഷൻ നടത്തിയ അന്നും അതേ രീതിയാണ് അവർ പിന്തുടർന്നത്.
കൂടാതെ മൊബൈൽ ഫോണുകളും ഒഴിവാക്കി. അങ്ങനെ ഇസ്രയേൽ ആക്രമിച്ച കെട്ടിടത്തിന് അരികിൽ തന്നെ ഹമാസ് നേതാക്കൾ ഉണ്ടായിരുന്നെങ്കിലും മരണത്തിൽ നിന്നു രക്ഷപെടാൻ ഈ പ്രോട്ടോക്കോൾ അവരെ സഹായിച്ചു. ഇസ്രയേലിന്‍റെ ദോഹ ആക്രമണത്തിൽ ചില ഹമാസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വ്യാഴം വൈകിട്ടോടെ ഹമാസിന്‍റെ മുതിർന്ന നേതാക്കളാരും തന്നെ കൊല്ലപ്പെട്ടിട്ടില്ല എന്ന് ഇസ്രയേലിനു ബോധ്യമായി.
ദോഹയിൽ നടന്ന മൃതസംസ്കാര ചടങ്ങിൽ ഹമാസ് നേതൃത്വത്തിൽ നിന്ന് ആരും പങ്കെടുക്കാഞ്ഞത് അവർക്ക് സാരമായ പരിക്കേറ്റിരിക്കാം എന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്.