
ടെൽ അവീവ്: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. ഇസ്രയേലിലെ ടെൽ അവീവിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർക്ക് പരുക്ക്. സംഭവത്തിൽ 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. മുപ്പതോളം ഇസ്രയേലി പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
എറിത്രിയൻ എംബസി സംഘടിപ്പിച്ച സർക്കാർ അനുകൂല പരിപാടിയിലേക്ക് ഇരച്ചുകയറാൻ പ്രതിഷേധക്കാർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നടക്കുന്ന വേദിയിലേക്കെതിയ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടന്നെത്തി ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ സംഘർഷം സൃഷ്ടിച്ച എറിത്രിയൻ വംശജരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.