

ധ്രുവക്കരടികൾ
മാറുന്ന കാലാവസ്ഥയും ആഗോളതാപനവും നിലനിൽപ്പുതന്നെ അപകടത്തിലാക്കിയാൽ ഡിഎൻഎ തന്നെ മാറുമെന്ന് പുതിയ പഠനം. ധ്രുവക്കരടികളിലാണ് ഗവേഷകർ ഈ മാറ്റം കണ്ടെത്തിയത്. ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണിവ.
തെക്കുകിഴക്കൻ ഗ്രീൻലാൻഡിലെ ധ്രുവക്കരടികളുടെ രക്ത സാമ്പിളുകൾ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ഗവേഷകർ വിശകലനം ചെയ്യുകയും ഭക്ഷണക്രമവും ഉപാപചയവുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങളുടെ തെളിവുകൾ കണ്ടെത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഉയരുന്ന താപനിലയും ഒരു സസ്തനിയിലെ ഡിഎൻഎ മാറ്റവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ഇതാദ്യമായാണ്.
മാംസഹുക്കുകളായ കരടികൾ, ഇര ലഭ്യമല്ലാത്തപ്പോൾ സസ്യാധിഷ്ഠിതവും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണക്രമം ശീലിക്കാൻ ചില കരടികൾ തയാറാവുന്നു. ഈ പൊരുത്തപ്പെടുത്തൽ ധ്രുവക്കരടികൾക്ക് പെട്ടെന്ന് വരുന്നുവെന്ന് അർഥമില്ലെന്നും ചിലപ്പോൾ മുമ്പ് മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ പ്രതിരോധശേഷി ഈ ജീവിവർഗങ്ങൾക്ക് ഉണ്ടായിരിക്കാമെന്ന് ഗവേഷകർ പറയുന്നു. നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കരടികൾ വംശനാശം സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു, എന്നാൽ ഈ പുതിയ കണ്ടെത്തലുകൾ പ്രതീക്ഷ നൽകുന്നുവെന്നും ഗവേഷകർ പറയുന്നു.